തൃക്കാക്കരയിലെ കള്ളവോട്ട് ആരോപണം; സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപെടെ പരിശോധിക്കും
ഒരിടത്ത് കള്ളവോട്ടിനുള്ള ശ്രമവും മൂന്നിടത്ത് കള്ളവോട്ട് നടക്കുകയും ചെയ്തുവെന്നാണ് ആരോപണം.
എറണാകുളം: കള്ളവോട്ട് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. കള്ളവോട്ട് ആരോപണം ഉയർന്ന ബൂത്തുകളിലെ വെബ്കാസ്റ്റിങ്ങാണ് പരിശോധിക്കുക. ആരോപണം ഉയർത്തുന്ന മുന്നണികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ സമീപിക്കും.
ഒരിടത്ത് കള്ളവോട്ടിനുള്ള ശ്രമവും മൂന്നിടത്ത് കള്ളവോട്ട് നടക്കുകയും ചെയ്തുവെന്നാണ് ആരോപണം. കൂടുതൽ ആരോപണങ്ങളും യുഡിഎഫിന്‍റേതാണ്. ഇടപ്പള്ളി ജി.എച്ച്.എസ്.എസ്സി ലെ 17ാം നമ്പർ ബൂത്തിലെ കള്ളവോട്ടിൽ യു ഡി എഫ് സ്ഥാനാർഥി ഉമ തോമസ് ഇതിനകം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയത്.
160ാം ബൂത്തിൽ കള്ളവോട്ട് ആരോപണം ഉന്നയിച്ചത് എൽഡിഎഫാണ്. ജെയിംസ് മാത്യു എന്നയാളുടെ വോട്ടാണ് മറ്റൊരാൾ ചെയ്തത്. ഇത് സംബന്ധിച്ചുള്ള പരാതി എൽഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകും. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർ നടപടികൾ സ്വീകരിക്കുക. കള്ളവോട്ട് സ്ഥിരീകരിച്ചാൽ അതാത് ബൂത്തുകളിൽ റീ പോളിങ്ങ് നടത്തേണ്ടിവരും. കള്ളവോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചാൽ അത് മുന്നണികൾക്കും തലവേദന സൃഷ്ടിക്കും.
Adjust Story Font
16