ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവം: സസ്‌പെൻഷനിലായിരുന്ന വൈൽഡ് ലൈഫ് വാർഡനെ തിരിച്ചെടുത്തു
കള്ളക്കേസ് എടുത്തതിൽ രാഹുൽ അടക്കം ഒമ്പത് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് വനം വകുപ്പും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്തതിൽ സസ്പെൻഷനിലായിരുന്ന ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുലിനെ സർവീസിൽ തിരിച്ചെടുത്തു. കള്ളക്കേസ് എടുത്തതിൽ രാഹുൽ അടക്കം ഒമ്പത് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് വനം വകുപ്പും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 20നാണ് തരുൺ സജിയെന്ന യുവാവിനെ വനംവകുപ്പ് കള്ളക്കേസിൽ കുടുക്കുന്നത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടാവുകയും വനംവകുപ്പ് അന്വേഷണം നടത്തുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് രാഹുൽ ഉൾപ്പടെ ഒമ്പത് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ജനകീയ പ്രതിഷേധവും കോടതി ഇടപെടലുമെല്ലാം മൂലം കേസ് പിൻവലിക്കുകയും ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ തുടരുകയും ചെയ്തു.
വനംവകുപ്പ് നടത്തിയ അന്വേഷണം പൂർത്തിയായി ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചുവെന്നും സസ്‌പെൻഷൻ കാലാവധി കഴിഞ്ഞതിനാൽ രാഹുലിനെ സർവീസിൽ തിരിച്ചെടുക്കാമെന്നുമാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. പക്ഷേ പട്ടികജാതി പട്ടികവർഗ നിയമപ്രകാരം പൊലീസ് എടുത്ത കേസ് നിലവിലുണ്ട്. ഇതിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ സർവീസിൽ തിരിച്ചെടുക്കാനാവില്ലെന്നാണ് യുവാവിന്റെ കുടുംബം അറിയിക്കുന്നത്. വനംവകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
Adjust Story Font
16