Quantcast

തിരുവാലൂരിൽ യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദനത്തെതുടര്‍ന്നെന്ന് ബന്ധുക്കള്‍

ബി.ജെ.പി നേതാവ് മർദിച്ചതിന് അഭിജിത് നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ലെന്നും കുടുംബം

MediaOne Logo

Web Desk

  • Published:

    2 May 2024 1:26 AM GMT

aluva youth
X

കൊച്ചി: എറണാകുളം തിരുവാലൂരിൽ ഇരുപതുകാരനായ അഭിജിത് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ബന്ധുക്കളുടെ ആരോപണം. ബി.ജെ.പി നേതാവ് മർദിച്ചതിന് അഭിജിത് നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ലെന്നും പകരം അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് മർദിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

എപ്രിൽ 12 ന് തിരുവാലുരിലെ പ്രാദേശിക ബി.ജെ.പി നേതാവായ സുരേഷുമായുണ്ടായ വാക്ക് തർക്കത്തിൽ അഭിജിത്തിന് മർദനമേറ്റിരുന്നു.തുടർന്ന് മർദനമേറ്റ അഭിജിത് ആശുപത്രിയിൽ ചികിത്സതേടിയതിന് ശേഷം ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. മാത്രമല്ല സുരേഷ് നൽകിയ പരാതിയിൽ ക്ഷേത്ര നടയിൽ നിന്ന അഭിജിത്തിനെ അറസ്റ്റ് ചെയ്ത് പൊലീസ് മർദിച്ചുവെന്നും ബന്ധുകൾ പറയുന്നു.

ഏവിയേഷൻ വിദ്യാർഥി കൂടിയായ അഭിജിത് സ്റ്റേഷനിൽ നിന്ന് വന്നതിന് ശേഷം സഹോദരിയെ വിളിച്ച് പൊലീസ് സ്റ്റേഷനിൽ നേരിട്ട പീഡനം പങ്കു വച്ചിരുന്നു.തുടർന്നാണ് 16 ന് ജീവനൊടുക്കിയത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും അഭിജിത്തിനെ മർദിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരിക്കുകയാണ് അഭിജിത്തിന്റെ ബന്ധുക്കൾ.

TAGS :

Next Story