രണ്ടാംവിള നെല്ലിന്റെ മുഴുവൻ തുകയും ലഭിക്കാതെ കർഷകർ; ഓണത്തിന് മുമ്പ് ലഭിക്കുമെന്ന് മന്ത്രി
ഒരു കിലോ നെല്ലിന്റെ കേന്ദ്ര വിഹിതമായ 20.40 രൂപ ഇല്ലാതെയാണ് കർഷകരുടെ അക്കൗണ്ടുകളിൽ പണം എത്തിയത്.
പാലക്കാട്: ഓണം അടുത്തിട്ടും രണ്ടാം വിള നെല്ല് സംഭരിച്ചതിന്റെ 28 ശതമാനം തുക മാത്രമാണ് കർഷകർക്ക് ലഭിച്ചത്. ഒരു കിലോ നെല്ലിന്റെ കേന്ദ്ര വിഹിതമായ 20.40 രൂപ ഇല്ലാതെയാണ് പണം ഇവരുടെ അക്കൗണ്ടുകളിൽ എത്തിയത്. ഓണത്തിന് മുൻപ് മുഴുവൻ തുകയും ലഭിക്കും എന്ന് വിശ്വസിച്ച കർഷകർക്ക് ഇത് വലിയ തിരിച്ചടിയാണ്.
1000 കിലോ നെല്ല് നൽകിയ കർഷകന് ഒരു കിലോ നെല്ലിന് 28.32 രൂപ പ്രകാരം ലഭിക്കേണ്ടത് 28,320 രൂപയാണ്. എന്നാൽ, 7920 രൂപയാണ് ലഭിച്ചത്. കിലോയ്ക് ലഭിച്ചത് സംസ്ഥാന വിഹിതമായ 7.92 രൂപ മാത്രം. കേന്ദ്ര വിഹിതമെന്ന് കണക്കാക്കുന്ന 20 രൂപ 40 പൈസ എവിടെ എന്നാണ് കർഷകരുടെ ചോദ്യം. പാലക്കാട് കുഴൽമന്ദത്തുള്ള ഒരു കർഷകൻ 9030 കിലോ നെല്ല് നൽകിയെന്ന് സിവിൽ സപ്ലൈസ് നൽകിയ പിആർഎസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ലഭിക്കേണ്ടിയിരുന്നത് 2,55,730 രൂപയാണ്. എന്നാൽ ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ വന്നത് 71,518 രൂപ. അതായത് 1,84,211 രൂപയുടെ കുറവ്. ഇത് വരെ പണം ലഭിച്ചവർക്കെല്ലാം സമാന അനുഭവമാണ്.
പ്രതീക്ഷിച്ച തുക ലഭിക്കാതെ, സ്വയം കണക്ക് കൂട്ടിയപ്പോഴാണ് ഒരു കിലോ നെല്ലിന് ഏഴ് രൂപ. 92 പൈസ മാത്രമാണ് ലഭിച്ചതെന്ന് ഇവർ സ്വയം കണ്ടെത്തിയത്. ഇത് നെല്ലിന് സംസ്ഥാനം നൽകുന്ന പ്രോത്സാഹന ബോണസും കൈകാര്യം ചെയുന്നതിനുള്ള തുകയും മാത്രമാണ്. കേന്ദ്ര വിഹിതമായ 20 രൂപ 40 പൈസ എന്തുകൊണ്ട് ലഭിച്ചില്ലെന്ന ആശങ്കയിലാണ് ഇപ്പോൾ കർഷകർ.
അതേസമയം, കർഷകർക്ക് നൽകാനുള്ള തുകയുടെ 28 ശതമാനം ഓണത്തിന് മുൻപ് ആദ്യം നൽകിയതാണെന്നാണ് കൃഷി മന്ത്രി പി. പ്രസാദിന്റെ വിശദീകരണം. ബാക്കി തുക കൂടെ ഓണത്തിന് മുൻപ് നൽകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഇതിന് വെള്ളിയാഴ്ച ഒരു ദിവസം കൂടിയാണ് ബാക്കിയുള്ളത്. ബാങ്കിന്റെ ഇന്നത്തെ പ്രവർത്തി ദിവസം അവസാനിച്ചാൽ ബാക്കി തുകയ്ക്ക് ഓണം കഴിയുന്നത് വരെ കാത്തിരിക്കാനെ കർഷകർക്ക് സാധിക്കു. ഓണത്തിന് മുൻപ് മുഴുവൻ തുകയും ലഭിക്കുമെന്ന സർക്കാർ ഉറപ്പ് വിശ്വസിച്ചവർക്ക് ഇതോടെ നിരാശയായിരിക്കും ഫലം.
Adjust Story Font
16