Quantcast

ലിബറൽ കയ്യടിക്ക് വേണ്ടിയല്ല നിലപാട് പറയാറുള്ളത്:ഫാത്തിമ തഹ്‌ലിയ

''ഒഴുക്കിനെതിരെ നീന്തി തന്നെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ളത്. സാംസ്ക്കാരികമായി മുസ്‌ലിം സമുദായത്തെ ഇകഴ്ത്തി കാണിച്ചുക്കൊണ്ട് നടത്തുന്ന പ്രചരണങ്ങളിൽ പാകപ്പെട്ട് മൗനം അവലംബിക്കുമെന്ന്‌ കരുതിയവർക്ക് തെറ്റി. പറയാനുള്ളത് ഇനിയും ഉറക്കെ പറയുക തന്നെ ചെയ്യും''

MediaOne Logo

Web Desk

  • Published:

    20 April 2023 11:56 AM GMT

Fathima Thahliya discussion about muslim women
X

കോഴിക്കോട്: മുസ് ലിം വീടുകളിലെ പരിപാടികളിൽ സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കുന്നത് സംബന്ധിച്ച ചർച്ചക്കിടെ താൻ നടത്തിയ പരാമർശങ്ങൾ അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനെതിരെ എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. ലിബറൽ കയ്യടിക്ക് വേണ്ടിയല്ല നിലപാട് പറയാറുള്ളതെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കണ്ണൂരിലെ മുസ്‌ലിം വീടുകളിൽ മാത്രമല്ല, മലബാറിലെ മുസ്‌ലിം വീടുകളിൽ വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും മറ്റു മതപരമായ ഒത്തുചേരലുകൾക്കുമെല്ലാം സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിടം ഉണ്ടാവാറുണ്ട്. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ഇടചേരലുകളെ പ്രോത്സാഹിപ്പിക്കാത്ത മതമാണല്ലോ ഇസ്ലാം. ആ മതത്തെ അനുകൂലിക്കുന്നവരും പിന്തുടരുന്നവരുമായ ആളുകൾ നടത്തുന്ന സ്വകാര്യ പരിപാടികളിൽ സ്വാഭാവികമായും സ്ത്രീക്കും പുരുഷനും വെവ്വേറെ ഇരിപ്പിടങ്ങളായിരിക്കുമല്ലോ ഒരുക്കുക. ഈ സ്വാഭാവിക കാര്യങ്ങളെ വിവാദമാക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ലിബറൽ കൈയ്യടിക്ക് വേണ്ടിയല്ല നിലപാട് പറയാറുള്ളത്. കണ്ണൂരിലെ മുസ്ലിം വീടുകളിൽ മാത്രമല്ല, മലബാറിലെ മുസ്ലിം വീടുകളിൽ വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും മറ്റു മതപരമായ ഒത്തുചേരലുകൾക്കുമെല്ലാം സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിടം ഉണ്ടാവാറുണ്ട്. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ഇടചേരലുകളെ പ്രോത്സാഹിപ്പിക്കാത്ത മതമാണല്ലോ ഇസ്‌ലാം. ആ മതത്തെ അനുകൂലിക്കുന്നവരും പിന്തുടരുന്നവരുമായ ആളുകൾ നടത്തുന്ന സ്വകാര്യ പരിപാടികളിൽ സ്വാഭാവികമായും സ്ത്രീക്കും പുരുഷനും വെവ്വേറെ ഇരിപ്പിടങ്ങളായിരിക്കുമല്ലോ ഒരുക്കുക. ഈ സ്വാഭാവിക കാര്യങ്ങളെ വിവാദമാക്കുന്നത് എന്തിനാണ്.? പ്രത്യേകിച്ച് സ്ത്രീകൾക്ക് മാത്രമായി ട്രെയിനിൽ പ്രത്യേക കോച്ചുകളും ബസ്സിൽ പ്രത്യേക ഇരിപ്പിടങ്ങളും ബസ്സ്റ്റാന്റിലും മറ്റും പ്രത്യേക കംഫർട്ട് സ്റ്റേഷനുകളുമെല്ലാം ഒരുക്കുന്ന നമ്മുടെ നാട്ടിൽ, മതപരമായ കാരണങ്ങൾ കൊണ്ട് മാത്രം സ്ത്രീ പുരുഷ ഇരിപ്പിടങ്ങൾ വെവ്വേറെയാക്കുന്നത് തിരഞ്ഞ് പിടിച്ച് വാർത്തയാക്കുന്നതിനും വിവാദമാക്കുന്നതിനും പിന്നിൽ പ്രത്യേക താൽപ്പര്യം തന്നെയുണ്ട്.

പുരുഷന്മാർ ഉള്ള സദസ്സിലേക്ക് കയറി ചെല്ലാൻ മടിക്കുന്ന ഒരുപാട് സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. അവർക്ക് ഇത്തരത്തിൽ പ്രത്യേക ഇരിപ്പിടങ്ങൾ ഉള്ളത് തന്നെയാണ് സൗകര്യം. കൂടാതെ സ്ത്രീകൾക്ക് കൂടുതൽ സ്വകാര്യതയും സുരക്ഷിതത്വവും ലഭിക്കുന്നുണ്ട്. തിക്കിലും തിരക്കിലും ലൈംഗിക അതിക്രമത്തിന് വിധേയരാകുന്ന ഒരുപാട് അനുഭവങ്ങൾ പല പെൺകുട്ടികളും പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിൽ വെവ്വേറെ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നു എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്.

"സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇരിപ്പിടം ഉണ്ട് എന്ന കാരണം കൊണ്ട്, സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നില്ല. സ്ത്രീകൾക്കും പുരുഷന്മാർക്ക് നൽകുന്ന അതേ സൗകര്യങ്ങളാണ് പന്തലിൽ ഒരുക്കാറുള്ളത് എന്നും, സ്ത്രീകൾക്കും പുരുഷന്മാർക്ക് നൽകാറുള്ള അതേ ഭക്ഷണമാണ് പന്തലിൽ നൽകാറുള്ളത്" എന്നും സാന്ദർഭികമായി ഇന്നലെ നടന്ന മനോരമ ന്യൂസിന്റെ ചർച്ചയിൽ പറഞ്ഞിരുന്നു. ഇതിലെ എന്റെ വാദങ്ങളിൽ നിന്നും 'സ്ത്രീകൾക്കും ഒരേ ഭക്ഷണമാണ് നൽകുന്നത്, പിന്നെങ്ങനെയാണ് വിവേചനമാകുക' എന്ന കാര്യം അടർത്തി മാറ്റി ഒരു troll material എന്ന നിലക്ക് വാർത്ത അവതരിപ്പിച്ച ചില മാധ്യമങ്ങളുടെ താൽപ്പര്യങ്ങളെ നന്നായി മനസ്സിലാക്കുന്നുണ്ട്. മുസ്ലിം സ്ത്രീകളെ മുസ്ലിം പുരുഷന്മാരുടെ ''കരാള ഹസ്തങ്ങളിൽ'' നിന്നും മോചിപ്പിക്കുക എന്ന ഉദ്ദേശം വെച്ച് മാത്രം പ്രവർത്തിക്കുന്ന പ്രസ്തുത മാധ്യമങ്ങളുടെ സദുദ്ദേശത്തിന് എന്റെ നല്ല നമസ്ക്കാരം. ഈ മോദി ഭരണകാലത്തും മുസ്ലിങ്ങളേയും അവരുടെ സംസ്ക്കാരങ്ങളേയും രീതികളേയും നിരന്തരം വിമർശിച്ച് ആസൂത്രിത വിവാദമുണ്ടാക്കി പ്രതിക്കൂട്ടിൽ നിർത്തുന്ന ഇത്തരം മാധ്യമങ്ങളുടെ താൽപ്പര്യത്തെ അത്ര നിഷ്ക്കളങ്കമാണെന്ന് കരുതാനാകില്ല.

മാധ്യമങ്ങളുടേയും ലിബറൽ സഹോദരങ്ങളുടേയും ഓശാന കേട്ടിട്ടല്ലല്ലോ ഞങ്ങളാരും ജീവിക്കുന്നത്. ഒഴുക്കിനെതിരെ നീന്തി തന്നെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ളത്. സാംസ്ക്കാരികമായി മുസ്ലിം സമുദായത്തെ ഇകഴ്ത്തി കാണിച്ചുക്കൊണ്ട് നടത്തുന്ന പ്രചരണങ്ങളിൽ പാകപ്പെട്ട് മൗനം അവലംഭിക്കുമെന്ന് കരുതിയവർക്ക് തെറ്റി. പറയാനുള്ളത് ഇനിയും ഉറക്കെ പറയുക തന്നെ ചെയ്യും. ഒരുപാട് സൈബർ അറ്റാക്കുകൾ നേരിട്ട് കൊണ്ട് തന്നെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ളത്. ട്രോളുകളിലൂടെ നിശബ്ദമാക്കാമെന്ന് കരുതുന്നവർക്ക് ഒരിക്കൽ കൂടി എന്റെ നല്ല നമസ്ക്കാരം. Good morning!


TAGS :

Next Story