സാമ്പത്തിക പ്രതിസന്ധിക്കിടെ കോട്ടയം കലക്ടറുടെ ബംഗ്ലാവ് നവീകരിക്കാൻ 85ലക്ഷം
ഉത്തരവിന്റെ പകർപ്പ് മീഡിയവണിന്
കോട്ടയം: ജില്ലാ കലക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചു. മൂന്നുമാസം മുൻപാണ് പണം അനുവദിച്ചത് . നവീകരണത്തിന്റെ കരാർ പൊതുമരാമത്ത് വകുപ്പിന് പകരം റവന്യൂ വകുപ്പിന് കീഴിലുള്ള കോട്ടയം ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നൽകിയിരിക്കുന്നത്. ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
2023-24 സാമ്പത്തിക വർഷത്തിലെ കേരളത്തിലെ സ്മാർട്ട് റവന്യു ഓഫീസുകൾ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. ഈ പദ്ധതി പ്രകാരം റവന്യു ഓഫീസുകളുടെ നിർമാണമോ നവീകരണമോ നടത്തുന്നതിന് സർക്കാർ ഖജനാവിൽ നിന്ന് പണം അനുവദിക്കാം. അതുപ്രകാരമാണ് കലക്ടർ നൽകിയ ശിപാർശപ്രകാരം ധനവകുപ്പ് ഭീമമായ തുക ബംഗ്ലാവ് നവീകരണത്തിന് നൽകിയത്.
മൂന്നുമാസം മുൻപാണ് ധനവകുപ്പ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി നിർവഹണ ഏജൻസിയായി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ കലക്ടർ മറ്റൊരു അഭ്യർത്ഥനയുമായി റവന്യു വകുപ്പിനെ സമീപിച്ചു. പദ്ധതി നിർവഹണ ഏജൻസിയായി പൊതുമരാമത്ത് വകുപ്പിന് പകരം കോട്ടയം ജില്ലാ നിർമിതി കേന്ദ്രത്തെ ചുമതലപ്പെടുത്തണം. കോട്ടയം ജില്ലാ കലക്ടർ വി വിഘ്നേശ്വരിയുടെ അഭ്യർത്ഥന റവന്യു വകുപ്പ് അംഗീകരിച്ചു. നവീകരണം നടത്താൻ പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കി കോട്ടയം ജില്ലാ നിർമിതി കേന്ദ്രത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ കെട്ടിടം വാസയോഗ്യമല്ലാത്തതിനാലാണ് നവീകരണം വേണ്ടിവന്നതെന്നായിരുന്നു കലക്ടറുടെ പ്രതികരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽക്കൂടി കടന്നുപോകുമ്പോഴാണ് ബംഗ്ലാവ് നവീകരിക്കാൻ മാത്രം വൻ തുക ഖജനാവിൽ നിന്ന് അനുവദിച്ചത്.
Adjust Story Font
16