ചെലവുചുരുക്കലുമായി സർക്കാർ മുന്നോട്ട്; സാമ്പത്തിക നിയന്ത്രണം ഒരു വർഷത്തേക്ക് കൂടി നീട്ടി
സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാലാണ് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം ഒരു വർഷത്തേക്ക് കൂടി നീട്ടി. സർക്കാർ ഓഫിസുകൾ മോടി പിടിപ്പിക്കൽ, ഫർണിച്ചർ- വാഹനങ്ങൾ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണമാണ് നീട്ടിയത്. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാലാണ് തീരുമാനം.
2020 കോവിഡ് കാലത്താണ് സംസ്ഥാനത്ത് ആദ്യമായി സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണം ഏർപ്പെടുത്തിയത്. അന്നും സർക്കാർ ഓഫീസുകളുടെ മോടി പിടിപ്പിക്കൽ, പുതിയ ഫർണിച്ചറുകളും വാഹനങ്ങളും സർക്കാർ ഓഫീസുകളിലേക്ക് വാങ്ങുന്നത് എന്നിവക്ക് ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പിന്നീട് 2021ലും ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം തീരെ മോശമായതിനാലാണ് ഇത്തരമൊരു തീരുമാനമെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. സാമ്പത്തിക സ്ഥിതി പരിഗണിച്ച് ചെലവുകൾ നിയന്ത്രിക്കേണ്ടത് അനിവാര്യമായതിനാലാണ് നടപടിയെന്നാണ് ഉത്തരവിൽ ധനകാര്യ വകുപ്പ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിശ്ചയിച്ചിരുന്ന സമിതികളുടെ ശുപാർശ പരിഗണിച്ചായിരുന്നു നേരത്തെ ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇതാണ് ഇപ്പോൾ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
Adjust Story Font
16