'ബ്രഹ്മപുരം മാലിന്യപ്ലാന്റിലേത് മനപ്പൂർവം ഉണ്ടാക്കിയ തീപിടിത്തം, പിന്നിൽ കോടികളുടെ അഴിമതി'; വി.ഡി സതീശൻ
'തീപിടിത്തത്തെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നടത്തണം'
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം കാരണം ഒരു പ്രദേശം മുഴുവൻ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സബ്മിഷനായിട്ടാണ് പ്രതിപക്ഷം വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ബ്രഹ്മപുരത്തെ രണ്ട് കരാറുകാരും കരാർ അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കരാർ നീട്ടി നൽകണമെങ്കിൽ പരിശോധന നടത്തണമെന്നും അത് ഒഴിവാക്കാനുള്ള അട്ടിമറി നീക്കം തീപിടുത്തത്തിന് പിന്നിൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
'പുക പ്രതിരോധിക്കാൻ വേണ്ടി ഒരു സംവിധാനവും ചെയ്തില്ല. മനപ്പൂർവം ഉണ്ടാക്കിയ തീപിടുത്തമാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു.ആദ്യം തീപിടുത്തം ഉണ്ടായതിന്റെ എണ്ണൂറ് മീറ്റർ അപ്പുറമാണ് വേറെ തീപിടുത്തം ഉണ്ടാകുന്നത്. ഇതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
'തീപിടിത്തമുണ്ടായതിന് ശേഷം കൊച്ചി നഗരത്തിലെ മാലിന്യനീക്കം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. അത് മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വീണ്ടും പോകും. തീപിടിത്തത്തെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.
എന്നാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീപിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുകയാണെന്നും മന്ത്രി എംബി രാജേഷ് മറുപടി നൽകി.
അതേസമയം, അഞ്ചാം ദിവസവും ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിൽ നിന്നുയരുന്ന പുകയ്ക്ക് ശമനമില്ല. തീ അണക്കാനുള്ള ശ്രമം ഊർജിതമായി തുടരുകയാണ്. പുക പുറത്തേക്ക് ഉയരുന്നത് തടയാൻ ആവശ്യമായ യന്ത്രങ്ങൾ നഗരസഭ എത്തിച്ചില്ലെന്ന പരാതി ഫയർഫോഴ്സ് ഉയർത്തുന്നുണ്ട്.
മുന്നൂറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തീ അണക്കാൻ പരിശ്രമിക്കുന്നത്. മണ്ണ് മാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ പുക ഉയരുന്നതിന് മുകളിലേക്കിട്ടാണ് പ്രവർത്തനങ്ങൾ. എന്നാൽ ആറ് മണ്ണ് മാന്തി യന്ത്രങ്ങൾ മാത്രമാണ് ജോലിക്കായി ഇപ്പോഴുള്ളത്. കൂടുതൽ ആവശ്യപ്പെട്ടിട്ടും നഗരസഭ എത്തിച്ചില്ലെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പരാതി.
കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിച്ചാൽ ഒരാഴ്ചക്കകം പുക ഇല്ലാതാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നേവിയുടെ ഹെലികോപ്റ്ററും തീ അണക്കാൻ സഹായത്തിനുണ്ട്. എന്നാൽ തീ പൂർണമായും അണക്കാതെ ജില്ലയിൽ നിന്നുള്ള മാലിന്യങ്ങൾ ഇനി പ്ലാന്റിലേക്ക് എത്തിച്ചേരാൻ സമ്മതിക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്.
Adjust Story Font
16