Quantcast

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; തൃശൂർ ജില്ലാതല മെഗാ പ്രദര്‍ശന വിപണനമേളയ്ക്ക് നാളെ തുടക്കം

വിദ്യാർത്ഥി കോർണറിൽ നടക്കുന്ന ചടങ്ങിൽ ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ നിർവഹിക്കും

MediaOne Logo

Web Desk

  • Updated:

    2022-04-17 16:20:05.0

Published:

17 April 2022 12:34 PM GMT

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; തൃശൂർ ജില്ലാതല മെഗാ പ്രദര്‍ശന വിപണനമേളയ്ക്ക് നാളെ തുടക്കം
X

തൃശൂർ: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം നാളെ. ആഘോഷങ്ങളുടെ ഭാഗമായി തൃശൂരിൽ നടത്തുന്ന മെഗാ പ്രദര്‍ശന വിപണന മേളയ്ക്കും നാളെ തുടക്കമാകും. 'എന്റെ കേരളം' എന്ന് പേരിട്ട മേള തൃശൂര്‍ തേക്കിൻകാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിൽ ഏപ്രിൽ 18 മുതൽ 24 വരെയാണ് നടക്കുക. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.

18ന് വൈകിട്ട് നാലിന് തൃശൂർ റൗണ്ടിൽ നടക്കുന്ന ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കമാകുക. വൈകിട്ട് അഞ്ചിന് വിദ്യാർത്ഥി കോർണറിൽ നടക്കുന്ന ചടങ്ങിൽ ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ നിർവഹിക്കും. പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. ഉദ്ഘാടനത്തിന് ശേഷം പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറും.

നൂറോളം കൊമേഴ്‌സ്യൽ സ്റ്റാളുകൾ ഉൾപ്പെടെ 180 ലേറെ സ്റ്റാളുകൾ മേളയിൽ ഉണ്ടാകും. കേരളത്തിലെ ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവ ചിത്രീകരിക്കുന്ന കേരളത്തെ അറിയാൻ എന്ന പവലിയനിലേക്കാണ് സന്ദർശകർ ആദ്യം പ്രവേശിക്കുക. എന്റെ കേരളം പിആർഡി പവലിയൻ, റോബോർട്ടുകൾ ഉൾപ്പെടെയുളള ടെക്‌നോളജി പവലിയൻ, കൃഷി ഔട്ട് ഡോർ ഡിസ്‌പ്ലേ, വളർച്ചയുടെ കാഴ്ചകളൊരുക്കി കിഫ്ബി പവലിയനും ഒരുക്കിയിട്ടുണ്ട്. വ്യത്യസ്തമായ ടൂറിസം അനുഭവങ്ങൾ വാക്ക് വേയിലൂടെ നടന്ന് ആസ്വദിക്കാവുന്ന രീതിയിലാണ് പവലിയൻ സജ്ജീകരിച്ചിരിക്കുന്നത്.

എല്ലാ വൈകുന്നേരങ്ങളിലും സംഗീത, കലാപരിപാടികൾ നടക്കും. അഞ്ച് മുതൽ ആറ് വരെയും ഏഴിന് ശേഷവുമുള്ള രണ്ട് സെഷനുകളിലായാവും പരിപാടികൾ നടക്കുക. 19ന് വൈകീട്ട് 4.30 ന് കഥാപ്രസംഗം. 7 ന് ഗായകൻ ജോബ് കുര്യൻ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ. 20 ന് വൈകീട്ട് 5 ന് വജ്ര ജൂബിലി കലാകാരന്മാരുടെ വാദ്യകലാ ഫ്യൂഷൻ, 7ന് വജ്ര ജൂബിലി കലാകാരന്മാരുടെ മോഹിനിയാട്ടം.

ഏപ്രിൽ 21ന് വൈകീട്ട് 5ന് ചവിട്ടുനാടകം. 7 മുതൽ അക്രോബാറ്റിക് ഡാൻസ്. 22 ന് വൈകീട്ട് 5 ന് ഏകപാത്ര നാടകം. തുടർന്ന് 7 മുതൽ ഗാനമേള. ഏപ്രിൽ 23 ന് 4.30 മുതൽ വജ്ര ജൂബിലി കലാകാരന്മാരുടെ തുള്ളൽ ത്രയം, 7 മുതൽ സമിർ സിൻസിയുടെ സൂഫി സംഗീതവും ഖവാലിയും. 24 ന് സൗപർണിക തിരുവനന്തപുരത്തിന്റെ നാടകം ഇതിഹാസം ഉണ്ടാകും.

എല്ലാ ദിവസവും വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടക്കും, രുചി വിഭവങ്ങളുമായി കുടുംബശ്രീ, മില്മ, കെടിഡിസി, ജയിൽ വകുപ്പ് എന്നിവരുടെ ഫുഡ് കോർട്ടും ഒരുങ്ങിയിട്ടുണ്ട്.


TAGS :

Next Story