Quantcast

വേർപിരിഞ്ഞ് 15 വർഷത്തിന് ശേഷം ആദ്യവിവാഹം രജിസ്റ്റർ ചെയ്തു; ഇന്ത്യയില്‍ അപൂർവമെന്ന് മന്ത്രി

2003ൽ വിവാഹിതരായ ദമ്പതികൾ 2007ൽ വിവാഹമോചിതരായിരുന്നു

MediaOne Logo

Web Desk

  • Published:

    29 Nov 2022 2:34 PM GMT

വേർപിരിഞ്ഞ് 15 വർഷത്തിന് ശേഷം ആദ്യവിവാഹം രജിസ്റ്റർ ചെയ്തു; ഇന്ത്യയില്‍ അപൂർവമെന്ന് മന്ത്രി
X

തിരുവനന്തപുരം: വിവാഹമോചിതരായ ശേഷം ദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷൻ ചെയ്തുനൽകി തദ്ദേശ സ്വയം ഭരണ വകുപ്പ്. വിവാഹമോചനം നടന്ന് 15 വർഷം പിന്നിട്ട ശേഷമാണ് 19 വർഷം മുൻപുള്ള വിവാഹം രജിസ്റ്റർ ചെയ്തുനൽകിയത്. 2003ൽ വിവാഹിതരായ ദമ്പതികൾ 2007ൽ വിവാഹമോചിതരായിരുന്നു. സൈനികനായ പിതാവിന്റെ കുടുംബ പെൻഷൻ ലഭിക്കാൻ മകൾക്ക് വിവാഹമോചന സർട്ടിഫിക്കറ്റിനൊപ്പം വിവാഹസർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതായി വന്നു. ഈ ആവശ്യം പരിഗണിച്ചാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ പ്രത്യേക നിർദേശത്തിൽ വിവാഹം രജിസ്റ്റർ ചെയ്തുനൽകാൻ തീരുമാനിച്ചത്.

2003 ഫെബ്രുവരി രണ്ടിന് വിവാഹിതരായ ദമ്പതികൾ ഏറ്റുമാനൂർ കുടുംബകോടതി വിധി പ്രകാരം 2007 സെപ്റ്റംബർ 14നാണ് വിവാഹമോചിതരായത്. എന്നാൽ വിവാഹം 2003ൽ രജിസ്റ്റർ ചെയ്തിരുന്നില്ല. നിലവിലെ ചട്ടത്തിലോ നിയമങ്ങളിലോ ദമ്പതികളുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, വിവാഹമോചനത്തിന് ശേഷം രജിസ്റ്റർ ചെയ്തുനൽകുന്നതിനെക്കുറിച്ച് പരാമർശമില്ല. ഇന്ന് രാവിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിലെത്തി അപേക്ഷ നൽകുകയും വൈകിട്ടോടെ വിവാഹ സർട്ടിഫിക്കറ്റ് അപേക്ഷകയ്ക്ക് ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്തു.

2008ലെ ചട്ടങ്ങൾ പ്രകാരം വിവാഹത്തിലേർപ്പെടുന്ന ഇരുകക്ഷികളും രജിസ്‌ട്രേഷനുള്ള അപേക്ഷയിൽ ഒപ്പിടേണ്ടതുണ്ട്. വിവാഹമോചനം നടന്നതിന് ശേഷമായിരുന്നതിനാൽ മുൻഭർത്താവ് നേരിട്ട് ഹാജരാകാനോ രേഖകൾ സമർപ്പിക്കാനോ തയ്യാറായില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് രജിസ്ട്രാർ രജിസ്‌ട്രേഷനുള്ള അപേക്ഷ തള്ളിയിരുന്നു. തുടർന്ന് അപേക്ഷകയുടെ സഹോദരൻ വിവാഹപൊതു മുഖ്യരജിസ്ട്രാർ ജനറലായ തദ്ദേശ സ്വയം ഭരണ (റൂറൽ) വകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകുകയായിരുന്നു. ദമ്പതികളിൽ ഒരാൾ മരിച്ചെങ്കിൽ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ഒപ്പ് രേഖപ്പെടുത്തി വിവാഹം രജിസ്റ്റർ ചെയ്ത് നൽകാനാകും. വിവാഹമോചനം നേടിയവരുടെ വിവാഹം രജിസ്റ്റർ ചെയ്തുനൽകുന്നത് സംബന്ധിച്ച് നിയമങ്ങളോ ചട്ടങ്ങളോ കീഴ് വഴക്കങ്ങളോ ഇല്ല. ഈ സാഹചര്യത്തിലാണ് സർക്കാരിനോട് വിഷയത്തിൽ സ്വീകരിക്കേണ്ട നടപടി തേടിയത്.

വിവാഹം നടന്നുവെന്നും സാധുവാണെന്നും തെളിഞ്ഞതിന്‍റെയും അംഗീകരിച്ചതിന്‍റെയും അടിസ്ഥാനത്തിലാണ് കോടതി വിവാഹമോചനം അനുവദിച്ചത്. ഈ വസ്തുത വിലയിരുത്തിയാണ് വിവാഹം രജിസ്റ്റർ ചെയ്തുനൽകാൻ പ്രത്യേക ഉത്തരവിലൂടെ സർക്കാർ നിർദേശിച്ചത്.

വിവാഹമോചിതയായ അപേക്ഷകയ്ക്ക് തുടർജീവിതത്തിന് പിതാവിന്റെ കുടുംബപെൻഷൻ സഹായകരമാണ്. ഇത് പരിഗണിച്ചാണ് അനുകൂല നടപടി സ്വീകരിച്ചതെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കുവാനും ആവശ്യങ്ങൾ നിറവേറ്റുവാനും വേണ്ടിയാണെന്ന് മന്ത്രിപറഞ്ഞു. രാജ്യത്ത് തന്നെ ഇത്തരമൊരു രജിസ്‌ട്രേഷൻ അപൂർവമായിരിക്കും. മുമ്പ് പരേതരായ ദമ്പതികളുടെ വിവാഹം 53 വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്തുനൽകാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രത്യേക അനുവാദം നൽകിയിരുന്നു.

TAGS :

Next Story