മീൻ കിട്ടാനില്ല, ട്രോളിങ് നിരോധനത്തിൽ മൽസ്യത്തൊഴിലാളികൾക്ക് കഷ്‌ടകാലം
മൺസൂൺ കാലത്ത് യന്ത്രവൽകൃത ബോട്ടിലുള്ള ആഴക്കടൽ മീൻപിടുത്തം ഒഴിവാക്കി മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക എന്നതാണ് ട്രോളിങ് നിരോധനത്തിന്റെ ലക്ഷ്യം
തിരുവനന്തപുരം: ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യബന്ധന മേഖല വറുതിയുടെ ദിവസങ്ങൾ നേടിടേണ്ടി വരുമെങ്കിലും പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് ഇത് പ്രതീക്ഷയുടെ ദിവസങ്ങൾ ആയിരുന്നു. എന്നാൽ, തകിടംമറിഞ്ഞ കാലവസ്ഥയും മീനിന്റെ ലഭ്യതക്കുറവുമെല്ലാം പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ഇവർക്കും ബാക്കിയാകുന്നത് നഷ്ടങ്ങളുടെ തീരം മാത്രമാണ്.
മൺസൂൺ കാലത്ത് യന്ത്രവൽകൃത ബോട്ടിലുള്ള ആഴക്കടൽ മീൻപിടുത്തം ഒഴിവാക്കി മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക എന്നതാണ് ട്രോളിങ് നിരോധനത്തിന്റെ ലക്ഷ്യം. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധന കാലം മത്സ്യത്തൊഴിലാളികൾക്ക് ഇല്ലായ്മയുടെ കൂടി കാലമാണെങ്കിൽ പരമ്പരാഗത തൊഴിലാളികൾക്ക് അത് പ്രതീക്ഷയുടെ കാലമായിരുന്നു.
ട്രോളിങ് കാലയളവിൽ സംസ്ഥാനത്ത് മത്സ്യം ലഭ്യമാകുന്നത് പരമ്പരാഗത വള്ളങ്ങളേയും, നിയമം അനുശാസിക്കുന്ന എഞ്ചിനുകളുമായി പ്രവർത്തിക്കുന്ന ചെറുവള്ളങ്ങളേയും മാത്രം ആശ്രയിച്ചാണ്. ഈ കാലയളവിൽ ഇവർക്ക് ലഭിച്ചിരുന്ന സാമ്പത്തിക ഭദ്രത അടുത്ത ഒരുവർഷത്തേക്കുള്ള ജീവിതത്തിന്റെ കൈത്താങ്ങായിരുന്നു.
മാറിമറിയുന്ന കാലാവസ്ഥയും മത്സ്യ ലഭ്യതയുടെ കുറവും, ഉയരുന്ന ഇന്ധന വിലയുമെല്ലാം ഇവർക്കുമുന്നിൽ ഇക്കുറി ബാക്കി വെക്കുന്നത് നിരാശയുടെ ഒഴിഞ്ഞ തീരമാണ്. കരകയറാത്ത പ്രതിസന്ധിക്ക് അപ്പുറം കടലമ്മ കനിയുന്ന പുതിയ സീസണിലെ ചാകര പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് കടലിന്റെ മക്കൾ.
Adjust Story Font
16