കെട്ടിപ്പിടിച്ച് ചേതനയറ്റ കുഞ്ഞുശരീരങ്ങൾ; കൊക്കയാറിൽ ജീവൻ നഷ്ടപ്പെട്ടത് അഞ്ചു കുട്ടികൾക്ക്
കൊക്കയാറിലെ ബന്ധുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു ഉരുള്‍പൊട്ടലില്‍ മരിച്ച ഭാര്യ ഫൗസിയയും മക്കളും
കൊക്കയാറിലെ ബന്ധുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ. കൂടെ മക്കളായ അമീൻ സിയാദും അംന സിയാദുമുണ്ടായിരുന്നു. എന്നാൽ, അതൊരു അവസാന യാത്രയാകുമെന്ന് ആരും സ്വപ്‌നത്തിൽപോലും നിനച്ചിരുന്നില്ല. ശനിയാഴ്ച കനത്ത മഴയ്ക്കുപിറകെയുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ അപ്പാടെ ഒലിച്ചില്ലാതായത് ഒരു കുടുംബം ഒന്നാകെയാണ്.
ഇന്ന് ഉച്ചയോടെ രക്ഷാപ്രവർത്തകർ മണ്ണിനടിയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ കരളുലയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. കെട്ടിപ്പിടിച്ചുകിടയ്ക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരങ്ങൾ. ഫൗസിയയുടെ സഹോദരൻ കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്‌സാൻ ഫൈസലും(എട്ട്) അഹിയാൻ ഫൈസലു(നാല്)മായിരുന്നു അത്.
കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് കുട്ടികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എല്ലാവരും പത്തോ പത്തിനുതാഴെയോ വയസുള്ളവർ. 28കാരിയായ ഫൗസിയയുടെ മക്കളായ അമീനും അംനയ്ക്കും യഥാക്രമം പത്തും ഏഴുമാണ് പ്രായം. സമീപത്തുതന്നെയുള്ള പതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു ഷാഹുലി(ഏഴ്)നായും തിരച്ചിൽ പുരോഗമിക്കുകയാണ്. 55കാരനായ ഷാജി ചിറയിലിന്റെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. ഒഴുക്കിൽപെട്ട ചേപ്ലാംകുന്നേൽ ആൻസി സാബുവിനെ(50) ഇനിയും കണ്ടെത്താനായിട്ടില്ല.
കനത്ത മഴക്കിടെയാണ് കൊക്കയാറിൽ ഉരുൾപൊട്ടലുണ്ടായത്. ശനിയാഴ്ച രാവിലെ മുതൽ മഴയുണ്ടായെങ്കിലും ഉച്ചയോടെയാണ് കൊക്കയാറിനു സമീപത്തെ ഒരു മലഞ്ചെരിവ് ഒന്നാകെ ഉരുൾപൊട്ടി വീടുകൾക്ക് മുകളിലേക്ക് ഒഴുകിയെത്തിയത്. നിമിഷങ്ങൾക്കകം തന്നെ അഞ്ച് വീടുകൾ ഒന്നാകെ ഒലിച്ചുപോയി.
കോട്ടയം-ഇടുക്കി അതിർത്തി മേഖലയിലാണ് കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ വ്യാപകനാശം വിതച്ചത്. ദുരന്തത്തിൽ മരണസംഖ്യ 24 ആയിട്ടുണ്ട്. കോട്ടയത്താണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടത്.
കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് കാവാലി ഒട്ടലാങ്കൽ മാർട്ടിൻ(48), മക്കളായ സാന്ദ്ര(14), സ്‌നേഹ(10), ഏന്തയാർ സ്വദേശിനി സിസിലി(50), പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ ജോബി(45), മകൻ അലൻ ജോബി(14), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ മോഹൻ(62), മുണ്ടകശ്ശേരി വേണുവിന്റെ ഭാര്യ റോഷ്‌നി(48) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു കണ്ടെത്തിയിട്ടുണ്ട്.
Adjust Story Font
16