വെള്ളക്കെട്ട് ദുരിതത്തിൽ വലഞ്ഞ് അഞ്ച് കുടുംബങ്ങൾ
വെള്ളം ഒഴുകിപ്പോകുന്ന സ്ഥലത്ത് അനധികൃത നിർമ്മാണങ്ങൾ നടത്തിയതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്
പാലക്കാട്: മഴ തുടങ്ങിയാൽ ഒറ്റപ്പാലം ബസ്റ്റാന്റിന് പിൻവശത്ത് താമസിക്കുന്ന അഞ്ച് കുടുംബങ്ങളുടെ ജീവിതം നരക തുല്യമാണ്. നഗരത്തിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തിനൊപ്പം മലിനജലവും കലർന്ന വെള്ളക്കെട്ട് രൂപപെട്ടതാണ് ഇവരെ ദുരിതത്തിലാക്കിയത്. മുട്ടോളം അഴുക്കു വെള്ളം , സഹിക്കാനാവാത്ത ദുർഗന്ധം, മാറാരോഗങ്ങൾക്ക് കാരണമാകുന്ന കൊതുകുകൾ ഇവയെല്ലാം സഹിച്ചാണ് ഇവരുടെ മഴക്കാല ജീവിതം.
റോഡുകളിലും വെള്ളം കെട്ടി നിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. രണ്ടുവർഷം മുമ്പ് സമാന പ്രശ്‌നം ഉണ്ടായപ്പോൾ നഗരസഭ പരിഹാരം കണ്ടിരുന്നു. വെള്ളം ഒഴുകിപ്പോകുന്ന സ്ഥലത്ത് അനധികൃത നിർമ്മാണങ്ങൾ നടത്തിയതാണ് വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്. മുൻ വർഷം എംഎൽഎ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാമെന്ന് ഉറപ്പു നൽകിയുരുന്നെങ്കിലും പരിഹാരമുണ്ടായില്ല.
മഴ പെയ്ത് ദുരിതം തുടങ്ങിയതോടെ ഒരു കുടുംബം ഇവിടെ നിന്നും താൽക്കാലികമായി ഒഴിഞ്ഞു പോയി. കുട്ടികളും പ്രായമായവരും മലിനജലത്തിലൂടെ ഏറെ ദൂരം നടന്നു വേണം വാഹനങ്ങൾക്ക് അടുത്ത് എത്താൻ. വെള്ളം ഒഴുകുന്ന ഭാഗത്ത് മണ്ണിട്ടതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നഗരസഭ കൗൺസിലർ ആതിര നാരായണൻ പറഞ്ഞു. പ്രശ്‌നം നഗരസഭ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് ഉടൻ പരിഹാരം കാണാമെന്ന് നഗരസഭ സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ട്.
Adjust Story Font
16