Quantcast

'പൊതുവിതരണത്തെ മുൻ നിർത്തിയുള്ള വിലപേശൽ അംഗീകരിക്കില്ല'; റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് ഭക്ഷ്യ വകുപ്പ്

സമരം കാരണം റേഷൻ മുടങ്ങിയാൽ അടുത്തമാസം പത്താം തീയതി വരെ റേഷൻ വാങ്ങാനുള്ള ക്രമീകരണം ഒരുക്കുമെന്നു മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    26 Jan 2025 3:35 PM

Published:

26 Jan 2025 1:30 PM

പൊതുവിതരണത്തെ മുൻ നിർത്തിയുള്ള വിലപേശൽ അംഗീകരിക്കില്ല; റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് ഭക്ഷ്യ വകുപ്പ്
X

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് ഭക്ഷ്യ വകുപ്പ്. ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ എല്ലാ സാധനങ്ങളും തിരിച്ചെടുക്കുമെന്ന് ഭക്ഷമന്ത്രി ജി ആർ അനിൽ മുന്നറിയിപ്പ് നൽകി. പൊതുവിതരണത്തെ മുൻ നിർത്തിയുള്ള വിലപേശൽ സർക്കാർ അംഗീകരിക്കില്ല. സമരം കാരണം റേഷൻ മുടങ്ങിയാൽ അടുത്തമാസം പത്താം തീയതി വരെ റേഷൻ വാങ്ങാനുള്ള ക്രമീകരണം ഒരുക്കുമെന്നു മന്ത്രി പറഞ്ഞു. വ്യാപാരികൾ ഉന്നയിച്ച നാലിൽ മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാലും അറിയിച്ചു. അനിശ്ചിതകാല സമരമെന്ന തീരുമാനത്തിൽ റേഷൻ വ്യാപാരികൾ ഉറച്ചു നിന്നതോടെയാണ് ഭക്ഷ്യവകുപ്പ് നിലപാട് കടുപ്പിച്ചത്.

റേഷൻ കടകൾക്ക് ലൈസൻസ് കൊടുക്കുന്നത് സർക്കാരാണ്. ഗുണഭോക്താക്കൾക്ക് ധാന്യങ്ങൾ നിഷേധിച്ചാൽ ഫുഡ് സെക്യൂരിറ്റി അലവൻസ് വ്യാപാരികൾ നൽകേണ്ടി വരുമെന്ന് മന്ത്രി ജി ആർ അനിൽ മുന്നറിയിപ്പു നൽകി. വേതന പാക്കേജ് പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ച അടഞ്ഞ അധ്യായം അല്ലെന്നും ഇനിയും ചർച്ചകൾ ആകാമെന്നും വ്യാപാരികളോട് മന്ത്രി പറഞ്ഞു. സമരത്തിൽനിന്ന് വ്യാപാരികൾ പിന്മാറണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

അതേസമയം, നാളെ മുതൽ അനിശ്ചിതകാല സമരം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് റേഷൻ വ്യാപാരികൾ. ധന,ഭക്ഷ്യ മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാനാനാണ് വ്യാപാരികളുടെ തീരുമാനം. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

വ്യാപാരികളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. റേഷൻ ഉറങ്ങാതിരിക്കാൻ ഉള്ള ഉത്തരവാദിത്വം വ്യാപാരികൾ കാണിക്കണമെന്നും ധനമന്ത്രി. എന്നാൽ, വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് വ്യാപാരികളുടെ തീരുമാനം. മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പു നൽകിയാൽ സമരം പിൻവലിക്കുമെന്നും വ്യാപാരികൾ പറയുന്നു.

TAGS :

Next Story