മിക്സ്ചറിൽ മായം വ്യാപകം; സൂക്ഷിച്ചില്ലേൽ പണി കിട്ടുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്
മിക്സചർ നിർമ്മിക്കുന്ന വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: മിക്സ്ചർ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. നാല് മണിചായക്കൊപ്പം കഴിക്കുന്നവരും കുട്ടികൾക്ക് സ്നാക്സായും മറ്റും കൊടുത്തുവിടുന്നവരുമുണ്ട്. എന്നാൽ വ്യാപകമായി ഉപയോഗിക്കുന്ന മിക്സചറിൽ മായം ഉണ്ടെന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിർമിക്കുന്ന മിക്സചറിൽ ടാട്രസിൻ ചേർത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. മായം ചേർത്ത മിക്സ്ചർ നിർമ്മിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിയും ആരംഭിച്ചു.
വടകര, പേരാമ്പ്ര, കൊടുവള്ളി , തിരുവമ്പാടി എന്നീ സർക്കിളുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ടാട്രസിൻ സാന്നിധ്യം കണ്ടെത്തിയത്. വടകര ജെ ടി റോഡിലെ ഹർഷ ചിപ്സ് , പേരാമ്പ്ര കല്ലുംപുറ വേക്ക് ആൻറ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്ക്സ്, മുക്കം അഗസ്ത്യമുഴി ബ്രദേർസ് ബേക്ക്സ് ആൻറ് ചിപ്സ് എന്നീ സ്ഥാപനങ്ങളിലെ മിക്സച്ചർ വിൽപന നിരോധിച്ചു. ഓമശ്ശേരി പുതൂർ റിയ ബേക്കറിയിലെ മിക്സചർ ഉൽപാദനവും നിരോധിച്ചു.
ടാട്രസിൻ എന്ന അപകടകാരി
ടാട്രസിൻ ഉപയോഗിക്കുമ്പോൾ അലർജി സാധ്യതയുള്ളതിനാൽ പലതരം വസ്തുക്കളിൽ ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മിക്സചറുകളിൽ മഞ്ഞ നിറം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ കൃത്രിമ നിറം ഉപയോഗിക്കുന്നത്. നിയമ വിരുദ്ധമായി കൃതൃമ നിറം ചേര്‍ത്ത് വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പ്രൊസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
ടാട്രസിൻ എന്ന കളർ പെർമിറ്റഡ് ഫുഡ് കളർ ആണെങ്കിലും മിക്സ്ചറിൽ ചേർക്കുന്നതിന് അനുവാദമില്ല. ഫുഡ് കളറുകൾ എല്ലാം തന്നെ അലർജി ഉണ്ടാക്കുവാൻ സാധ്യതയുള്ളതാണെങ്കിലും ടാട്രസിൻ കൂടുതൽ അലർജി സാധ്യതയുണ്ട്. നിയമവിരുദ്ധമായി നിറം ചേർത്ത് ഉല്പാദനവും വില്പനയും നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ എ സക്കീർ ഹുസൈൻ അറിയിച്ചു.
Adjust Story Font
16