വ്യാജരേഖാ കേസ്: അറസ്റ്റിലായ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം
അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്
മണ്ണാര്‍ക്കാട്: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ അറസ്റ്റിലായ വിദ്യയ്ക്ക് മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചു. അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപ കെട്ടിവെക്കണം, ഒന്നിടവിട്ട ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, കേരളം വിട്ടുപോവരുത് എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്.
വ്യാജ രേഖയുടെ ഒറിജിനൽ വിദ്യ നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചിരുന്നു. ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്നും കോടതി എന്ത് കർശന ഉപാധിവെച്ചാലും പാലിക്കുമെന്നും വിദ്യ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവണ്‍മെന്റ് കോളേജിൽ ഗസ്റ്റ് അധ്യാപികയായി ജോലി നേടുന്നതിന് എറണാകുളം മഹാരാജാസ് കോളേജിന്‍റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് അഗളി പൊലീസ് വിദ്യയ്ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളിപൊലീസ് വിദ്യയെ പിടികൂടുന്നത്.
Adjust Story Font
16