Quantcast

മഹാരാജാസിൽ ഫ്രറ്റേണിറ്റി പ്രവർത്തകന് നേരെയുണ്ടായ വധശ്രമം; വിവിധ ഇടങ്ങളിൽ പ്രതിഷേധ മാർച്ച്

എസ്എഫ്ഐയുടെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്.

MediaOne Logo

Web Desk

  • Updated:

    2024-01-19 16:32:42.0

Published:

19 Jan 2024 4:30 PM GMT

Fraternity March in different places against the murder attempt on fraternity worker in maharajas college
X

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ഫ്രറ്റേണിറ്റി പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് വിവിധ ഇടങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ മാർച്ച് നടത്തി. മഹാരാജാസ് കോളജിലെ അക്രമസംഭവങ്ങളിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

എസ്എഫ്ഐയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെയായിരുന്നു പ്രതിഷേധ മാർച്ച്. എറണാകുളത്ത് വഞ്ചി സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ച് മഹാരാജാസ് കോളജിനു സമീപം അവസാനിച്ചു. തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ച എസ്എഫ്ഐക്കാർക്കെതിരെ നടപടിയെടുക്കണമെന്നും മഹാരാജാസ് കോളജിലെ അക്രമസംഭവങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന അധ്യക്ഷൻ കെ.എം ഷെഫ്രിൻ ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തശ്രീഫ് കെ പി, എഫ്ഐടിയു സംസ്ഥാന പ്രസിഡൻ്റ് ജ്യോതിവാസ് പറവൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് സദഖത്ത്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് അസൂറ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ ബാസിത് തുടങ്ങിയവർ സംസാരിച്ചു.

തിരുവനന്തപുരത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ക്യാമ്പസുകൾ കൊലക്കളം ആക്കുന്ന എസ്എഫ്ഐയുടെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോൺ മാർച്ച് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സിക്കു സമീപത്തു നിന്നാരംഭിച്ച മാർച്ച്‌ പുതിയ സ്റ്റാൻഡിൽ സമാപിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെയും വെൽഫെയർ പാർട്ടിയുടെയും നേതാക്കൾ ഉൾപ്പെടെ നിരവധി പേർ മാർച്ചിൽ പങ്കെടുത്തു.

അതേസമയം, മഹാരാജാസ് കോളജിൽ കഴിഞ്ഞദിവസം എസ്എഫ്ഐ പ്രവർത്തകരുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ഫ്രറ്റേണിറ്റി പ്രവർത്തകനായ മൂന്നാം വർഷ വിദ്യാർഥി ബിലാൽ കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

ജനുവരി 17ന് രാത്രിയും 18ന് പുലർച്ചെയുമായി നടന്ന അക്രമ സംഭവങ്ങൾക്കിടയിൽ സുഹൃത്തിനെ സന്ദർശിക്കാൻ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോവുന്ന സമയത്ത് തനിക്കു നേരെ വധശ്രമമുണ്ടായെങ്കിലും പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് പരാതിയിൽ പറയുന്നു.

തുടർന്ന് ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വേളയിലും അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോൾ ആംബുലൻസിൽ വച്ചും പൊലീസ് സാന്നിധ്യത്തിൽ വീണ്ടും വധശ്രമമുണ്ടായെങ്കിലും മതിയായ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ഉദ്യോ​ഗസ്ഥർ തയാറായില്ലെന്നും ബിലാൽ പറയുന്നു.

TAGS :

Next Story