എസ്എഫ്‌ഐയും കെഎസ്‌യുവും സംഘർഷം അവസാനിപ്പിക്കണം:ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
ഭരണ - പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘർഷങ്ങളും പരസ്പരമുള്ള വെല്ലുവിളികളും വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കെതിരായ വിരുദ്ധ വികാരങ്ങൾക്ക് ശക്തി പകരുകയാണ് ചെയ്യുകയെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ പറഞ്ഞു.

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സോണൽ കലോത്സവങ്ങളുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി സംഘർഷങ്ങൾ അവസാനിപ്പിക്കാൻ എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ് സംഘടനകൾ തയ്യാറാവണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്ത് കൊലവിളികളും കലാപാഹ്വാനവും നടത്തുന്നവർക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച കാർണിവലിനെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമങ്ങളും അതിലെ എംഎസ്എഫ്, കെഎസ്‌യു പ്രത്യാക്രമണങ്ങളുമാണ് ഒരു ഇടവേളക്ക് ശേഷം കേരളത്തിലെ ക്യാമ്പസുകളെ വീണ്ടും കലാപഭൂമിയാക്കിയത്. പ്രസ്തുത സംഘർഷത്തിന് ശേഷം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എഴുതിയ ഫേസ്ബുക് പോസ്റ്റ് ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതും നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണ്.
കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് നിലവിലെ സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന മുഴുവൻ പരിപാടികളും അലങ്കോലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ എസ്എഫ്‌ഐയുടെ ഭാഗത്തുനിന്ന് തുടർന്നുവരുന്നുണ്ട് . ഇതിന്റെ ഭാഗമായാണ് സോണൽ കലോത്സവങ്ങളിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ. എന്നാൽ എസ്എഫ്‌യുടെ ഭാഗത്തുനിന്ന് ഉണ്ടായ ആക്രമണങ്ങൾക്ക് നേരെ കെഎസ്‌യു നടത്തിയ പ്രത്യാക്രമണം ആൾക്കൂട്ട ആക്രമണങ്ങൾക്ക് സമാനവും ന്യായീകരണമർഹിക്കാത്തതുമാണ്. സോണൽ കലോത്സവങ്ങൾ തടസ്സപ്പെടുമ്പോൾ വിദ്യാർഥികൾക്ക് ഉണ്ടാവുന്ന മാനസികവും, സാമ്പത്തികവുമായ നഷ്ടങ്ങളെ അഭിമുഖീകരിക്കാൻ എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ് സംഘടനകൾ തയ്യാറാവണം.
ഭരണ - പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘർഷങ്ങളും പരസ്പരമുള്ള വെല്ലുവിളികളും വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കെതിരായ വിരുദ്ധ വികാരങ്ങൾക്ക് ശക്തി പകരുകയാണ് ചെയ്യുക. വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങളെ കാമ്പസുകളിൽ നിന്ന് വിലക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ രൂപപ്പെടുന്നകാലത്ത് അതിന് മരുന്നിട്ട്‌കൊടുക്കുന്ന സമീപനം വിദ്യാർഥി സംഘടനകളിൽനിന്ന് തന്നെയുണ്ടാവുന്നത് അപക്വവും ഖേദകരവുമാണ്. ഇതര വിദ്യാർഥി സംഘടനകളുടെ കൊടിതോരണങ്ങൾ കത്തിക്കുകയും, പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കുകയും, എതിർശബ്ദങ്ങളെ തല്ലിയൊതുക്കുകയും ചെയ്യുന്നത് ജനാധിപത്യ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണ്. ആശയസംവാദങ്ങൾക്ക് ഇടംനൽകാത്ത വിദ്യാർഥിരാഷ്ട്രീയ പ്രവർത്തനങ്ങളെയും സംഘടനകളെയും ജനാധിപത്യബോധമുള്ള വിദ്യാർഥി സമൂഹം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16