ചാരിറ്റിയുടെ പേരിൽ പണം തട്ടിപ്പ്; കേസ് ഒത്തുതീർപ്പാക്കാൻ വിസ്മയ ന്യൂസ് സംഘത്തിന്റെ ശ്രമം
ഷിജുവിന്റെ പക്കൽനിന്ന് തട്ടിയെടുത്ത പണം തിരികെ ഏൽപ്പിച്ചു
തിരുവനന്തപുരം: ചാരിറ്റിയുടെ മറവിൽ കിടപ്പുരോഗിയിൽ നിന്ന് തട്ടിച്ച പണം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളുടെ ശ്രമം. കിടപ്പുരോഗിയായ ഷിജുവിൽ നിന്ന് തട്ടിയെടുത്ത ഒരു ലക്ഷത്തി നാല്പതിനായിരം രൂപ തിരികെ നൽകി. കേസ് ഒത്തുതീർപ്പാക്കണം എന്ന് പരാതിക്കാരിയായ ഷിജുവിന്റെ സഹോദരി ഷീബ പൊലീസിനോട് ആവശ്യപ്പെട്ടു.
പോത്തൻകോട് പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള വിസ്മയ ന്യൂസ് സംഘത്തിന്റെ നീക്കം. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വർക്കലയിലെ ഷിജുവിന്റെ വീട്ടിലെത്തിയ വിസ്മയ ന്യൂസ് പ്രവർത്തകർ പണം തിരികെ നൽകി. ഒരു ലക്ഷത്തിനാൽപതിനായിരം രൂപയാണ് തിരിച്ചു നൽകിയത്. പണം തിരികെ ലഭിച്ചതോടെ പരാതി പിൻവലിക്കാൻ ഷിജുവിന്റെ സഹോദരി ഷീബ പോത്തൻകോട് പൊലീസിനെ സമീപിച്ചു.
കോടതിയെ സമീപിച്ച് കേസ് ഒഴിവാക്കാനാണ് പൊലീസ് നിർദേശം. കെട്ടിട്ടതിന്റെ മുകളിൽ നിന്ന് വീണ് കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ് കിടപ്പിലായ ഷിജുവിന്റെ വീഡിയോ ചിത്രീകരിക്കാൻ കഴിഞ്ഞ ഒക്ടോബർ പതിമൂന്നിനാണ് വിസ്മയ ന്യൂസ് സംഘം എത്തിയത്. വീഡിയോ എടുക്കുന്നതിന് പതിനേഴായിരം രൂപ രണ്ട് തവണയായി പ്രതിഫലം വാങ്ങിയെന്ന് ഷിജുവിന്റെ സഹോദരി നേരത്തെ പറഞ്ഞിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സഹായമായി രണ്ട് ലക്ഷത്തോളം രൂപയെത്തി. ഇതോടെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നായിരുന്നു ഷിജുവിന്റെ കുടുംബത്തിന്റെ പരാതി.
Adjust Story Font
16