എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും: വീണാ ജോര്‍ജ്
കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് പിടിയിലായി. നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിത്സ സൗജന്യമായി ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
അതേസമയം എലത്തൂർ ട്രെയിൻ ആക്രമണക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് പിടിയിലായി. നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കണ്ണൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കോഴിക്കോട് കെട്ടിട നിർമ്മാണ തൊഴിലാളിയാണ് പിടിയിലായ ഷാരൂഖ് സെയ്ഫി.
ഷാറൂഖ് സെയ്ഫിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന നിർണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, ആക്രമണത്തിന് മാറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ, വിഘടനാ സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് ഇനി അറിയാനുള്ളത്. പ്രതിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാൾ നോയിഡ സ്വദേശിയാണെന്ന് സൂചന നൽകുന്ന വിവരങ്ങൾ ഇയാളുടെ ഡയറി കുറിപ്പിൽ നിന്നും പൊലീസിന് ലഭിച്ചു.
കേസിൽ പ്രതിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന സംശയത്തെ തുടർന്ന് റെയിൽവെ പൊലീസ് പരിശോധന നടത്തിയിരുന്നു. കാലിന് പൊള്ളലേറ്റയാൾ ഇന്ന് പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ കണ്ണൂർ സിറ്റിയിലുള്ള ഒരാളുടെ പേരും വിലാസവുമാണ് നൽകിയത്. എന്നാൽ അത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളോട് ആശുപത്രിയിൽ അഡ്മിറ്റാവാൻ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ നിർദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തുപോവുകയായിരുന്നു.
പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം കാണിച്ച് പൊലീസ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും രണ്ട് നഴ്സ്മാരുടെയും മൊഴിയെടുത്തിരുന്നു. കണ്ണൂർ എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും റെയിൽവേ പൊലീസും സംയുക്താമായാണ് ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തിയത്. ഏതെങ്കിലും തരത്തിൽ പ്രതിയിൽ എത്തിച്ചേരാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ആലപ്പുഴ എക്സ്പ്രസ് കണ്ണൂരിൽ എത്തിയതിനു ശേഷമാണ് പ്രതി കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. അതേസമയം നേരത്തെ സി.സി.ടി.വി ദൃശ്യങ്ങളിലുള്ളയാളല്ല പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. സി.സി.ടിവി ദൃശ്യങ്ങളിൽ കാണിച്ചത് കാപ്പാട് സ്വദേശിയായ വിദ്യാർഥിയേയാണെന്നും പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ റെയിൽവേ പൊലീസ് ഇയാളായിരിക്കാം പ്രതിയെന്ന് സംശയിച്ചിരുന്നു.
സി.സി.ടി.വിയിൽ കാണുന്ന വിദ്യാർഥി പൊള്ളലേറ്റ രീതിയിലല്ല നടന്നിരുന്നത്. രേഖാചിത്രത്തിലുള്ള പ്രതിയുടെ രൂപസാദൃശ്യം ഇയാൾക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. അക്രമം നടന്ന എലത്തൂർ റെയിൽവെസ്റ്റേഷനിന്ന് അൽപം മാറിയുള്ള കാട്ടിക്കുളം ഭാഗത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചുവന്ന ഷർട്ടും ബാഗും കറുത്ത പാന്റും ധരിച്ച യുവാവ് റോഡിൽ ഫോൺവിളിക്കുന്നതും കുറച്ച് സമയത്തിന് ശേഷം ഒരു ബൈക്ക് വരികയും ഇതിൽ കയറിപ്പോകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് റെയിൽവെ പൊലീസിന് സംശയത്തിനിടയാക്കിയിരുന്നു. ചുവന്ന ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവാണ് ട്രെയിനിൽ തീയിട്ടതെന്ന് യാത്രക്കാർ മൊഴിയും നൽകിയിരുന്നു.
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്‌മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്
Adjust Story Font
16