സൈനികനിൽ നിന്ന് പിടികിട്ടാപ്പുള്ളിയിലേക്ക്; ഇന്‍റര്‍പോള്‍ പോലും മുട്ടുമടക്കിയ സുകുമാരക്കുറുപ്പിന്‍റെ കഥ...
മുമ്പും ഒരുതവണ മരിച്ചയാളാണ് കുറുപ്പ്. ചാക്കോ വധക്കേസ് കൂടാതെ രേഖപ്പെടുത്താത്ത മറ്റൊരു കുറ്റകൃത്യംകൂടി സുകുമാരക്കുറുപ്പിന്റേതായി പരാമർശിക്കുന്നുണ്ട് പലരും.
തന്റെ തിരക്കഥക്കനുസരിച്ച് സംസ്ഥാനത്തെ പൊലീസിനെ വഴിനടത്തിയ, വാണ്ടഡ് ലിസ്റ്റിലെ ഒന്നാം പേരുകാരൻ. ഐപിഎസ് പതക്കം കിട്ടിയെത്തിയ ഉദ്യോഗസ്ഥരെപ്പോലും മുട്ടുകുത്തിച്ച പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. വെറുമൊരു കൊലപാതകി മാത്രമായിരുന്നില്ല അയാൾ. സൈനികനിൽ നിന്ന് പിടകിട്ടാപ്പുള്ളിയിലേക്ക്. സുകുമാരക്കുറുപ്പിന്റെ അറിഞ്ഞതും അറിയാത്തതുമായി കഥ...
1984 ജനുവരി 22 - മാവേലിക്കര
നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോളു വന്നു. സാർ, കൊല്ലക്കടവ് പാലത്തിന് അരികെ ഒരു കാറിന് തീപിടിച്ചു എന്നായിരുന്നു സന്ദേശം. പൊലീസ് സംഭവ സ്ഥലത്തെത്തി. നാട്ടുകാർ തടിച്ചുകൂടിയിരുന്നു, എല്ലാവരും ചേർന്ന് തീ അണച്ചു. പുലർച്ചെ സൂര്യപ്രകാശം പതിച്ചതോടെയാണ് കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഒരാളുടെ ശരീരം കത്തിക്കരിഞ്ഞിരിഞ്ഞിരിക്കുന്നത് കാണുന്നത്. കൂട്ടത്തിലുള്ള പൊലീസുകാരൻ ആ കാറിന്റെ നമ്പർ വായിച്ചു. കെ.എൽ.ക്യു.7831. അതേ സാർ അത് സുകുമാരക്കുറുപ്പിന്റെ കാറാണ്. നാട്ടുകാരിൽ ഒരാൾ പറഞ്ഞു. മരിച്ചത് സുകുമാരക്കുറുപ്പാണെന്ന വാർത്ത നാട്ടിലാകെ പരന്നു.
സുകുമാരക്കുറുപ്പ് ദീർഘകാലം അബൂദബിയിൽ ജോലി ചെയ്തയാളാണ്. ഉയർന്ന ശമ്പളം. നാട്ടിൽ ഒരു വീടുണ്ട്, മറ്റൊരു ഇരുനില വീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. അപകടം നടക്കുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്നത് ഒരു പഴയ അമ്പാസിഡർ കാറിലാണ്. ഇതിന് പുറമേ, പുതിയൊരു കാർ കൂടി ഇത്തവണ നാട്ടിലെത്തിയ ശേഷം കുറുപ്പ് വാങ്ങിയിട്ടുണ്ട്. ആഡംബര പ്രിയനായിരുന്നു അയാൾ.
കത്തിക്കരിഞ്ഞ മൃതദേഹം പുറത്തെടുത്തു. സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒരു കൈയ്യുറ കണ്ടെത്തി. ഈ വയലിന് അരികെ എങ്ങനെയാണ് കൈയ്യുറ എത്തിയത്. ഡിവൈഎസ്പി ഹരിദാസിനായിരുന്നു അന്വേഷണ ചുമതല.
കൊല്ലപ്പെട്ടയാളുടെ ഉയരം 180 സെന്റിമീറ്ററാണെന്നും പ്രായം 30-35 വയസ്സാണെന്നും വ്യക്തമായി. ധരിച്ചിരുന്ന വസ്ത്രം കുറുപ്പിന്റേതാണെന്നും തിരിച്ചറിഞ്ഞു. മരിച്ചത് കുറുപ്പ് തന്നെയാണെന്ന നിഗമനത്തിലെത്തിയ പൊലീസ് അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു.
മഫ്തിയിൽ പൊലീസുകാർ സുകുമാരക്കുറുപ്പിന്റെ വീട്ടിലെത്തി. അവിടെ ഒരു മരണവീടിന്റെ അന്തരീക്ഷമായിരുന്നില്ല. ആരുടേയും മുഖത്ത് വലിയ സങ്കടമൊന്നുമില്ല. ആ വീട്ടിന് അകത്തുനിന്നും ഉയർന്ന ചിക്കൻ വറുക്കുന്നതിന്റെ ഗന്ധം പൊലീസുകാരിൽ തന്നെ അമ്പരപ്പ് നിറച്ചു. ചുറ്റുമൊന്ന് കണ്ണോടിച്ച പൊലീസുകാരുടെ നോട്ടം ആദ്യം പതിഞ്ഞത് പോർച്ചിൽ കിടക്കുന്ന കുറുപ്പിന്റെ പുതിയ കാറിലായിരുന്നു. സുകുമാരക്കുറുപ്പിനെപ്പോലെ ആഡംബരപ്രിയനായ പ്രവാസി പഴയ കാറോടിച്ചു പുറത്തേക്കു പോകുമോ?, ആകെ മൊത്തം ഒരു ദുരൂഹത. അവിടെ നിന്നും തുടങ്ങുകയായി പൊലീസുകാരുടെ സംശയങ്ങളും ചോദ്യങ്ങളും.
ആരാണ് കൊല്ലപ്പെട്ടത്?
കത്തിക്കരിഞ്ഞ ശരീരം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ആരാണു കൊല്ലപ്പെട്ടത് എന്ന ഫൊറൻസിക് സർജന്റെ ചോദ്യത്തിന് 'സുകുമാരക്കുറുപ്പ് എന്നു സംശയിക്കുന്ന ഒരാൾ...' എന്നായിരുന്നു ഡിവൈഎസ്പി ഹരിദാസ് പറഞ്ഞ മറുപടി. സംശയിക്കുന്നതോ? എന്തുപറ്റി, എന്ന സർജന്റെ മറുചോദ്യം. ചില സംശയങ്ങളുണ്ട് സർ. 'അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്', ഹരിദാസ് പറഞ്ഞു.
പോസ്റ്റുമോർട്ടം ആരംഭിച്ചു. ആ ശരീരം ഒരു കാറപകടത്തിൽ കത്തിയത് പോലെ ആയിരുന്നില്ല. ഉയരവും വണ്ണവുമെല്ലാം വെച്ചുനോക്കുമ്പോൾ സുകുമാരക്കുറുപ്പ് തന്നെയാണ് മരിച്ചിരിക്കുന്നത്. ശരീരത്തിൽ പെട്രോൾ പോലെ എന്തോ ഇന്ധനം ഒഴുകി തീപിടിച്ചതിന്റെ ലക്ഷണം. ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിക്കുമ്പോൾ ഡ്രൈവറുടെ ദേഹത്ത് എങ്ങനെ പെട്രോൾ എത്തും. കാറ് അകത്ത് നിന്ന് ലോക്കൊന്നും ആയിരുന്നില്ല, കാറ് കത്തുമ്പോൾ അയാൾക്ക് രക്ഷപ്പെടാമായിരുന്നല്ലോ..?
ശ്വാസകോശവും ശ്വാസനാളിയും തുറന്നു പരിശോധിച്ചു, എന്നാൽ കരിയുടെ സാന്നിധ്യമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കാറിനു തീപിടിക്കുമ്പോൾ ഡ്രൈവർക്ക് ശ്വാസമുണ്ടായിരുന്നെങ്കിൽ കരിയും പുകയുമൊക്കെ ഉള്ളിലേക്ക് കടക്കുമായിരുന്നു. മരിച്ചതിന് ശേഷമാണ് ശരീരം കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തി. ആമാശയത്തിൽ മദ്യത്തിന്റെ സാന്നിധ്യവുമുണ്ട്.
ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ സുകുമാരക്കുറുപ്പിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഭാസ്‌കരപിള്ള പറഞ്ഞത് 'വിദേശത്ത് ഏറെ ശത്രുക്കളുളള സുകുമാരക്കുറുപ്പിനെ അവരിൽ ആരൊക്കെയോ ചോർന്ന് കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചു' എന്നാണ്.
വില്ലൻ ഭാസ്‌കരപിള്ളയോ?
ഭാസ്‌കരപിള്ളയെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. പൊലീസ് വിളിച്ചുവരുത്തിയപ്പോൾ വെള്ളമുണ്ടും ഫുൾകൈ ഷർട്ടും ധരിച്ചാണ് അയാൾ എത്തിയത്. ഷർട്ടിന്റെ കൈ മറച്ചുപിടിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസ് അയാളോട് ഷർട്ടിന്റെ കൈകൾ മുകളിലേക്കു കയറ്റാനായി പറഞ്ഞു. ആദ്യം വിസമ്മതിച്ചെങ്കിലും ഒടുവിൽ കൈകൾ കാണിക്കേണ്ടിവന്നു. പൊലീസിന്റെ നേരത്തെയുളള സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു അന്നേരം ഭാസ്‌കരപിളളയുടെ കൈകളിൽ കണ്ട കാഴ്ച. പൊളളലേറ്റ് കരുവാളിച്ച മുറിവുകൾ, അതായിരുന്നു ഇരുകൈകളിലും ഉണ്ടായിരുന്നത്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ അയാൾക്ക് പിടിച്ചുനിൽക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് ഭാസ്‌കരപിള്ള കുറ്റസമ്മതം നടത്തി.'സ്വത്തുക്കൾ തട്ടിയെടുക്കാൻ സുകുമാരക്കുറുപ്പിനെ താനാണ് കൊന്നത്.' എന്നായിരുന്നു മറുപടി. എന്നാൽ ആ മറുപടിയിൽ പൊലീസ് തൃപ്തരല്ലായിരുന്നു. ചോദ്യം ചെയ്യൽ തുടർന്നു. അസ്വാഭാവികതകളെയും സംശയങ്ങളെയും വസ്തുതാപരമായി വിലയിരുത്തിയും തെളിവുകൾ ശേഖരിച്ചും മൊഴിയെടുത്തും പിന്നീട് പൊലീസ് കണ്ടെത്തിയ സത്യങ്ങളാണ് നമുക്കറിയാവുന്ന 'സുകുമാരക്കുറുപ്പ് കേസ്'.
സുകുമാരക്കുറുപ്പല്ലെങ്കിൽ പിന്നെയാര്?
കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പായിരുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇത് സ്ഥിരീകരിക്കുന്നു. കൊല്ലപ്പെട്ടത് കുറുപ്പല്ല. പിന്നെ ആര്?.
സുകുമാരക്കുറുപ്പെഴുതിയ തിരക്കഥക്കനുസരിച്ചാണ് ഒരു പരിധിവരെ പൊലീസ് നീങ്ങിയത്. എന്നാൽ തിരക്കഥ അത്ര പെർഫെക്ട് ആയിരുന്നില്ല. ബാക്കി കഥ കേരളപൊലീസ് എഴുതി. എന്നാൽ അത് പൂർത്തിയാക്കാൻ പൊലീസിനും കഴിഞ്ഞില്ല. കൊല്ലപ്പെട്ടത് ആരാണ് എന്ന അന്വേഷണം എത്തിനിന്നത് ആലപ്പുഴക്കാരനായ ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയിലാണ്. ആരാണ് ചാക്കോ? സുകുമാരക്കുറുപ്പും അയാളുമായി എന്താണ് ബന്ധം ? അവിടെയാണ് സുകുമാരക്കുറുപ്പിന്റെ മാസ്റ്റർ ബ്രെയിൻ വെളിപ്പെടുന്നത്.
അബൂദബിയിൽ ലക്ഷങ്ങളുടെ ഇൻഷുറൻസ് പോളിസിയെടുത്ത സുകുമാരക്കുറുപ്പ് താൻ അപകടത്തിൽ മരിച്ചെന്ന് ബോധ്യപ്പെടുത്തി ഈ പണം തട്ടിയെടുക്കാനാണ് പദ്ധതി തയ്യാറാക്കിയത്. തന്നോട് രൂപസാദൃശ്യമുളള ആളുടെ മൃതദേഹം കാറിലിട്ട് കത്തിച്ച് മരിച്ചത് താനാണെന്ന് വരുത്തുക, അതുവഴി കുടുംബത്തിന് ലഭിക്കുന്ന വലിയ തുക സ്വന്തമാക്കുക, ഇതായിരുന്നു ലക്ഷ്യം. അബൂദബിയിൽ ഒപ്പം ജോലി ചെയ്തിരുന്ന ഷാഹു, അളിയൻ ഭാസ്‌കരപിള്ള, ഡ്രൈവർ പൊന്നപ്പൻ എന്നിവരായിരുന്നു ആസൂത്രണത്തിൽ കുറുപ്പിന്റെ കൂട്ടാളികൾ.
ആദ്യം പറ്റിയ മൃതദേഹം സംഘടിപ്പിക്കാനായി ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിയെങ്കിലും കഴിഞ്ഞില്ല. എങ്കിലും പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കുറുപ്പ് തയാറായില്ല. മൃതദേഹം കിട്ടിയില്ലെങ്കിൽ രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തി കൊല്ലുക. കുറുപ്പിന്റെ തീരുമാനത്തോട് സുഹൃത്തുക്കളും യോജിച്ചു. അങ്ങനെയൊരാളെ കണ്ടെത്താൻ രണ്ട് കാറുകളിലായി ദേശീയപാതയിലൂടെ രാത്രി നടത്തിയ യാത്രയിലാണ് കരുവാറ്റയിൽവച്ച് ചാക്കോയെ കണ്ടെത്തുന്നത്.
ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ രാത്രി വീട്ടിലേക്ക് മടങ്ങാൻ വാഹനം കിട്ടാത്തതിനാൽ ഇവരുടെ കാറിനു കൈകാണിക്കുകയായിരുന്നു. അയാൾ അറിഞ്ഞില്ല ആ യാത്ര മരണത്തിലേക്കായിരുന്നുവെന്ന്. ഭാസ്‌കരപിള്ളയും പൊന്നപ്പനുമൊക്കെയുള്ള കാറിനാണ് ചാക്കോ കൈകാണിച്ചത്. അവർ ചാക്കോയെ കയറ്റി. ചാക്കോയ്ക്ക് കുറുപ്പിന്റെ അതേ രൂപം. അതേ ഉയരം. എല്ലാം ഒത്തുകിട്ടിയത് പോലെ എന്നായിരിക്കാം കുറുപ്പിനും കൂട്ടർക്കും തോന്നിയിട്ടുണ്ടാകുക. മറ്റൊന്നും അവർ നോക്കിയില്ല, ചാക്കോയെ കൊല്ലാൻതന്നെ തീരുമാനിച്ചു. ചാക്കോ കയറിയ കാറിന് പിന്നിലായി വഴിയിൽ തങ്ങിയ മരണമെന്ന പോലെ കുറുപ്പിന്റെ കാറായിരുന്നു പിന്തുടർന്നിരുന്നത്.
കാറിനുളളിൽ നിന്ന് നിമിഷനേരത്തിലാണ് കുറുപ്പിന്റെ വിശ്വസ്തരായ മൂവർസംഘം ചാക്കോയുമായി സൗഹൃദം ഉണ്ടാക്കിയത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ചാക്കോയ്ക്ക് അവർ ഒരു ക്ലാസ് മദ്യം ഒഴിച്ചുനീട്ടി. വേണ്ടെന്ന് പറഞ്ഞ ചാക്കോയെ നിർബന്ധിച്ച് കുടുപ്പിച്ചു.
ഈഥർ കലർത്തിയ മദ്യം കൊടുത്തശേഷം പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. മുൻകൂട്ടി തീരുമാനിച്ചത് പോലെ ഭാസ്‌കരപിള്ള ചാക്കോയുടെ കഴുത്തിൽ തോർത്ത് മുറുക്കി. കണ്ണുകൾ തുറിച്ച് ചാക്കോ ചലനമറ്റെന്ന് ഉറപ്പിക്കുംവരെ ഭാസ്‌കരപിളള ആ പിടുത്തം വിട്ടില്ല. അന്നേരമെല്ലാം ആ കാർ ദേശീയപാതയിലൂടെ അതിവേഗം പായുകയായിരുന്നു.
പിന്നീട് അവർ നേരെ പോയത് കുറുപ്പിന്റെ ഭാര്യവീട്ടിലേക്കായിരുന്നു. ജീവൻ നിലച്ച ചാക്കോയുടെ ശരീരത്തിൽ കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു.ആളെ തിരിച്ചറിയാതിരിക്കാൻ മുഖം പെട്രോൾ ഒഴിച്ച് കത്തിച്ചു. കൊല്ലകടവിൽ എത്തിയ ആ ഗൂഢസംഘം കുറുപ്പിന്റെ പഴയ കറുത്ത അമ്പാസിഡർ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിങ്ങിലേക്ക് ചാക്കോയുടെ മൃതദേഹം ചുമന്ന് കൊണ്ടിരുത്തി. ആ കറുത്ത അമ്പാസിഡർ കാർ നെൽപ്പാടത്തേക്ക് തള്ളിവിട്ടു. കാറിന് ചുറ്റും അകത്തുമെല്ലാം പെട്രൊൾ ഒഴിച്ച് തീ കൊളുത്തി. തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാനായി കുറുപ്പും കൂട്ടരും കയ്യുറകൾ ധരിച്ചിരുന്നെങ്കിലും കാർ കത്തിക്കുന്നതിനിടെ തീ പടർന്ന് ഇവർക്കും പൊള്ളലേറ്റു. എല്ലാ കുറ്റകൃത്യങ്ങളിലും കുറ്റവാളികൾ അറിയാതെ അവശേഷിക്കുന്നൊരു തുമ്പായി കാറിന്നരികിൽ നിന്നും പിറ്റേദിവസം പൊലീസിന് അതിലൊരു കയ്യുറ ലഭിച്ചു.
സംശയങ്ങൾ മുൻനിർത്തിയുളള അന്വേഷണത്തിനിടെ ഷാഹുവിനെ ചോദ്യം ചെയ്തപ്പോൾ ഗൂഢാലോചന മുതലുള്ള കാര്യങ്ങൾ ഷാഹു പൊലീസിനോട് വെളിപ്പെടുത്തി.
16 ബാർ 89 എന്ന ക്രൈം നമ്പറിൽ രജിസ്റ്റർ ചെയ്ത കേസ് ഫയൽ ഇപ്പോൽ ലോങ് പെന്റിഗ് ലിസ്റ്റിൽ ഉൾപ്പെടുത്തി പൊലീസ് ആസ്ഥാനത്താണ്. അറസ്റ്റിലായ ഭാസ്‌കരപിള്ള 12 വർഷം ശിക്ഷ പൂർത്തിയാക്കി, പിന്നീട് മരണമടഞ്ഞു. ഡ്രൈവർ പൊന്നപ്പൻ ആത്മഹത്യ ചെയ്തു. ഷാഹുൽ കേസിൽ മാപ്പുസാക്ഷിയായി. എന്നാൽ സുകുമാരക്കുറുപ്പോ?
ഭാസ്‌കരപിള്ള പൊലീസ് കസ്റ്റഡിയിൽ സംഭവം വിവരിക്കുമ്പോൾ യഥാർഥ സുകുമാരക്കുറുപ്പ് ആലുവയിലെ ലോഡ്ജിൽ ഒളിച്ചിരിക്കുകയായിരുന്നു. പിന്നീടാണ് പൊലീസ് ഇത് അറിയുന്നത്. ഭാസ്‌കരപിള്ളയെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ സുകുമാരക്കുറുപ്പ് ആലുവയിൽനിന്ന് ഭൂട്ടാനിലേക്കാണ് മുങ്ങിയതെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. പിന്നീടിതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
സൈനികനിൽ നിന്ന് പിടികിട്ടാപ്പുള്ളിയിലേക്ക്
മുമ്പും ഒരുതവണ മരിച്ചയാളാണ് കുറുപ്പ്. ചാക്കോ വധക്കേസ് കൂടാതെ രേഖപ്പെടുത്താത്ത മറ്റൊരു കുറ്റകൃത്യംകൂടി സുകുമാരക്കുറുപ്പിന്റേതായി പരാമർശിക്കുന്നുണ്ട് പലരും. ഈ കഥ ഗോപാലകൃഷ്ണക്കുറുപ്പെന്ന സൈനികന്റേതാണ്. പ്രീഡിഗ്രി തോറ്റ ശേഷം ഗോപാലകൃഷ്ണക്കുറുപ്പ് വ്യോമസേനയിൽ ചേർന്നു. എന്നാൽ, സൈനികജീവിതവുമായി ഒത്തുപോകാൻ അയാൾക്ക് കഴിഞ്ഞില്ല. നാട്ടിൽ ലീവിനെത്തിയ അയാൾ താൻ മരിച്ചുവെന്ന് രേഖയുണ്ടാക്കി വ്യോമസേനയ്ക്ക് നൽകിയെന്നും അതിന് അയാളെ സഹായിച്ചത് ഒരു പൊലീസുകാരനാണെന്നുമാണ് പുറത്തുവന്ന വാർത്തകൾ. അതിന്ശേഷമാണ് സുകുമാരക്കുറുപ്പ് എന്ന പുതിയ പേര് അയാൾ സ്വീകരിച്ചത്. പിന്നീട് അതേപേരിൽ പാസ്പോർട്ടെടുത്ത് ഗൾഫിലേക്കു പോയി.
ചാക്കോയുടെ കൊലപാതകത്തിന് ശേഷം പല രീതിയിലും പൊലീസ് അയാൾക്കായി വലവിരിച്ചു. പിടികിട്ടാപ്പുളളിയായ കുറുപ്പിന്റെ ചിത്രം പൊലീസ് പ്രചരിപ്പിച്ചു. വലകളിലൊന്നും ആ പുള്ളി കുടുങ്ങിയില്ല. എട്ടുവർഷത്തോളം കുറുപ്പിന്റെ ബന്ധുക്കളെ പൊലീസ് തുടർച്ചയായി നീരീക്ഷിച്ചുവെന്നാണ് വിവരം. ഗ്രാമങ്ങളും നഗരങ്ങളും അടക്കം രാജ്യത്ത് പലയിടത്ത് നിന്നായി പല കാലങ്ങളിൽ സുകുമാരക്കുറുപ്പ് എന്ന് കരുതി പലരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു, ചോദ്യം ചെയ്തു. എല്ലാ അന്വേഷണ ഉദ്യോഗസ്ഥർക്കും നിരാശയായിരുന്നു ഫലം.
കുറുപ്പിന്റെ രൂപസാദൃശ്യമുളള ആൾ പിടിയിലായി എന്ന വാർത്തകൾ എവിടെയോ ഇരുന്ന് സുകുമാരക്കുറുപ്പും വായിച്ച് ചിരിച്ചിട്ടുണ്ടാകും. ഇന്ന് സുകുമാരക്കുറപ്പ് ജീവനോടെയുണ്ടെങ്കിൽ 77 വയസ്സുണ്ടാകും അയാൾക്ക്. കുറുപ്പ് മരിച്ചു എന്നും ലോകത്തിന്റെ ഏതോ ഭാഗത്ത് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നും വിശ്വസിക്കുന്നവരുണ്ട്. ഒരുപക്ഷെ മറ്റൊരു പേരിൽ, മറ്റൊരു രൂപത്തിൽ എല്ലാം കണ്ടും കേട്ടും അയാൾ ജീവിച്ചിരിപ്പുണ്ടാകുമോ? ആർക്കറിയാം...
Adjust Story Font
16