കേരളവും ഇന്ധന നികുതി കുറയ്ക്കുമോ?; സാധ്യതകൾ ഇങ്ങനെ
കേന്ദ്രസർക്കാർ എക്‌സൈസ് ഡ്യൂട്ടി കുറച്ച സാഹചര്യത്തിൽ കേരളത്തിൽ പെട്രോളിന് 10 രൂപ 40 പൈസയും ഡീസലിന് എഴ് രൂപ 37 പൈസയുമാണ് കുറയുക.
തിരുവനന്തപുരം: കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്്‌സൈസ് ഡ്യൂട്ടി കുറച്ചതോടെ കേരള സർക്കാർ ഇന്ധന നികുതി കുറയ്ക്കുമോ എന്ന ചോദ്യം വീണ്ടും ചർച്ചയാവുന്നു. സംസ്ഥാനം നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ബിജെപിയും കോൺഗ്രസും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചപ്പോൾ കേരളം കുറയ്ക്കാൻ തയ്യാറായിരുന്നില്ല. കേരളം നികുതി വർധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് കുറയ്‌ക്കേണ്ട കാര്യമില്ലെന്നുമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അന്ന് പറഞ്ഞത്.
പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില നാളെ മുതൽ നിലവിൽ വരും. കേരളത്തിൽ പെട്രോളിന് 10 രൂപ 40 പൈസയും ഡീസലിന് എഴ് രൂപ 37 പൈസയുമാണ് കുറയുക. കേന്ദ്രം നികുതി കുറയ്ക്കുന്നതോടെ കേരളത്തിന്റെ നികുതിയിലും നേരിയ കുറവ് വരും. ഇതിന് പുറമെ സംസ്ഥാനം സ്വന്തമായി നികുതി കുറയ്‌ക്കേണ്ട കാര്യമില്ലെന്നാണ് സർക്കാറിന്റെ നിലപാട്.
കേന്ദ്ര സർക്കാർ പെട്രോളിന് 10 രൂപയും ഡീസലിന് എട്ട് രൂപയും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും 10 രൂപ വീതം നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജനദ്രോഹനയത്തിൽ നിന്നും സംസ്ഥാനം പിൻമാറിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം നടത്തും. മറ്റു സംസ്ഥാനങ്ങൾ എല്ലാം കേരളത്തേക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണ്. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്ഥാനം നികുതി കുറച്ചിരുന്നില്ല. നികുതി കുറച്ച് ബസ് - ടാക്‌സി ചാർജ് കുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാർ നികുതി കുറയ്ക്കുമോ എന്നാണ് ഇനി അറിയാനുള്ളതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദീഖ് പറഞ്ഞു.
സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാത്തതാണ് കേരളത്തിൽ ഇന്ധനവില കുറയാതിരിക്കാൻ പ്രധാന കാരണമെന്ന് ബിജെപി നേരത്തെ തന്നെ ആരോപണമുന്നയിച്ചിരുന്നു. പ്രതിപക്ഷവും ഇതേറ്റെടുത്താൽ സർക്കാർ പ്രതിരോധത്തിലാവുമെന്ന കാര്യമുറപ്പാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്.
Adjust Story Font
16