Quantcast

ജാതിസംവരണം അവസാനിപ്പിക്കണം; സർക്കാർ വർഗീയസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നു: എൻ.എസ്.എസ്

രാഷ്ട്രീയപ്പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമായാണ് ജാതിസെൻസസിനായുള്ള മുറവിളി ഉയരുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    22 Jun 2024 1:05 PM GMT

G Sukumaran Nair against caste reservation
X

കോട്ടയം: ജാതിസംവരണം അവസാനിപ്പിക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വോട്ട് രാഷ്ട്രീയം മാത്രം കണക്കിലെടുത്താണ് ജാതിസംവരണം നടപ്പാക്കിയത്. ജാതിസെൻസസ് രാജ്യത്ത് വർഗീയത വളർത്തുകയും ഐക്യത്തിനും അഖണ്ഡതക്കും വിഘാതം സൃഷ്ടിക്കുകയും ചെയ്യും. രാഷ്ട്രീയപ്പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമായാണ് ജാതിസെൻസസിനായുള്ള മുറവിളി ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് ബജറ്റ് സമ്മേള്ളന പ്രസംഗത്തിലാണ് സുകുമാരൻ നായർ ജാതിസംവരണത്തിനെതിരെ നിലപാട് ആവർത്തിച്ചത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. മുന്നാക്ക സമുദായങ്ങൾക്ക് നീതി നൽകാതെ ഇരു സർക്കാരുകളും അകറ്റിനിർത്തുകയാണ്. വർഗീയസ്പർദ്ധ പടർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിൽനിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികളുണ്ടാവുമെന്നും സുകുമാരൻ നായർ പറഞ്ഞു.

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എൻ.എസ്.എസ്. എന്നാൽ സ്‌കൂൾ, കോളജുകളുടെ പ്രവർത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല നിലവിലുള്ളത്. എയ്ഡഡ് സ്‌കൂളുകളിലെ നിയമനകാര്യങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല. അഴിമതിക്കെതിരെ നടപടിയെടുക്കാതെ എയ്ഡഡ് മേഖലയെ മനപ്പൂർവം തകർക്കുകയാണ്. ഇത് ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാനാവില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

TAGS :

Next Story