കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ട: മുഖ്യ പ്രതികള്‍ പിടിയിൽ
വിദ്യാർഥികൾക്ക് കഞ്ചാവെത്തിച്ച ബംഗാൾ സ്വദേശികളാണ് പിടിയിലായത്

കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ മുഖ്യ കണ്ണികൾ പിടിയിൽ.വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച ബംഗാൾ സ്വദേശികളായ സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവരാണ് പിടിയിലായത്.ആലുവയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.
ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് ആലുവയിൽ നിന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ പോളിടെക്നിക് കോളേജ് മായി ബന്ധപ്പെട്ട് നാളുകളായി കഞ്ചാവ് വിൽപ്പന നടത്തിയതായി പ്രതികൾ സമ്മതിച്ചു. പോളിടെക്നിക്കിലെ പൂർവ വിദ്യാർഥികളായിരുന്ന ഷാലിക്ക് , ആഷിക് എന്നിവർക്കായിരുന്നു വിൽപ്പന നടത്തിയിരുന്നത്. പിന്നീട് ഈ പൂർവവിദ്യാർഥികൾ കോളേജിലെ വിദ്യാർഥിയായ അനുരാജിന് കഞ്ചാവ് എത്തിച്ചു നൽകുകയായിരുന്നു. അനുരാജാണ് ആദ്യഘട്ടത്തിൽ പിടിയിലായ ആകാശിനുൾപ്പെടെ കഞ്ചാവ് വില്പന നടത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആറുമാസക്കാലമായി ഹോസ്റ്റൽ കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടന്നുവരികയായിരുന്നു. വിദ്യാർഥികൾക്കിടയിൽ വാട്സ്ആപ്പ് ഗ്രൂപ്പ് മുഖേനെ ഓഫറുകൾ വെച്ചായിരുന്നു വിൽപ്പന. പിടിയിലായ പശ്ചിമബംഗാൾ സ്വദേശികൾ കൂടുതൽ വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയോ എന്നതുൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.
ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു. കഴിഞ്ഞദിവസമാണ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പൊലീസ് നടത്തിയ റെയ്ഡില്‍ നിന്ന് കണ്ടെത്തിയത്.ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നും ഇതിനായി വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് പണവും പിരിച്ചിരുന്നെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കളമശ്ശേരി പൊലീസടക്കമാണ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.
അതേസമയം, കളമശ്ശേരി പോളിടെക്നികിലെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കോളേജ് പ്രഖ്യാപിച്ച അന്വേഷണം ഉടൻ ആരംഭിക്കും. കേസിൽ അറസ്റ്റിലായ വിദ്യാർഥികളിൽ നിന്ന് സമിതി മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
Adjust Story Font
16