പരിശോധന കർശനമാക്കിയിട്ടും കാര്യമില്ല; നെടുമ്പാശ്ശേരി വഴി സ്വർണക്കടത്ത് വ്യാപകം
ഒരാഴ്ചക്കിടെ പിടികൂടിയത് മൂന്ന് കോടിയുടെ സ്വർണം
കൊച്ചി: പരിശോധന കര്‍ശനമാക്കിയിട്ടും നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് കുറവില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പിടികൂടിയ സ്വര്‍ണത്തിന്റെ മൂല്യം മൂന്ന് കോടി രൂപക്ക് മുകളില്‍ വരും. സ്വര്‍ണത്തില്‍ മുക്കി കടത്തിയ തോര്‍ത്തുകളിലുള്ള സ്വര്‍ണത്തിന്റെ അളവ് എത്രയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചക്കിടെ ആറായിരം ഗ്രാമിന് മുകളില്‍ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. കുറഞ്ഞത് ഒരു കിലോ സ്വര്‍ണം ഓരോ തവണയും പിടികൂടുന്നു. ഗുളിക രൂപത്തിലാക്കി സ്വകാര്യഭാഗങ്ങളില്‍ വെച്ചാണ് കടത്ത് സ്വര്‍ണത്തില്‍ ഏറിയ പങ്കും കൊച്ചിയിലെത്തുന്നത്. ഇതിനായി ക്യാരിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. തൃശൂരില്‍ പരിശീലനം നല്‍കാന്‍ മാത്രം ഒരു രഹസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഈ മാസം 10ന് തൃശൂര്‍ സ്വദേശി ഫഹദില്‍ നിന്ന് സ്വര്‍ണ തോര്‍ത്ത് പിടികൂടിയിരുന്നു. സ്വര്‍ണം ദ്രാവക രൂപത്തിലാക്കി അതില്‍ തോര്‍ത്ത് മുക്കിയെടുത്ത് കടത്തുകയായിരുന്നു. അഞ്ച് തോര്‍ത്തുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ എത്ര അളവ് സ്വര്‍ണം ഉണ്ടെന്ന പരിശോധന തുടരുകയാണ്. മലപ്പുറം സ്വദേശിയായ ദില്‍ഷാദ് കഴിഞ്ഞദിവസം സ്വര്‍ണം കടത്തിയത് കാല്‍പാദങ്ങള്‍ക്ക് താഴെ ഒട്ടിച്ചായിരുന്നു. 74 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഈ രീതിയില്‍ പിടിച്ചെടുത്തത്. പരിശോധന കര്‍ശനമാക്കുമ്പോഴും സ്വര്‍ണ്ണക്കടത്തിന് മാഫിയ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുന്നതാണ് കസ്റ്റംസിനെയും കുഴക്കുന്നത്.
Adjust Story Font
16