Quantcast

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത; മൃതദേഹം ആരുമറിയാതെ മറവ് ചെയ്തു, അച്ഛൻ സമാധി ആയതാണെന്ന് മകന്‍

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഗോപൻ സ്വാമി മരിച്ചത്

MediaOne Logo

Web Desk

  • Published:

    11 Jan 2025 7:14 AM GMT

Gopan swamy
X

തിരുവനന്തപുരം: നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. അയൽവാസികൾ അറിയാതെ ഗൃഹനാഥന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചതിലാണ് നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്. അച്ഛൻ സമാധി ആയതാണെന്നും അത് പരസ്യമാക്കാൻ പാടില്ലെന്നാണ് മകന്‍റെ പ്രതികരണം.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഗോപൻ സ്വാമി മരിച്ചത്. മരണവിവരം ബന്ധുക്കളെയോ ജനപ്രതിനിധികളെയോ നാട്ടുകാരെയോ അറിയിച്ചില്ലെന്ന് അയൽവാസികൾ ആരോപിച്ചു. ഗോപൻ സ്വാമിയുടെ രണ്ടു മക്കൾ ചേർന്ന് മൃതദേഹം മറവുചെയ്തെന്നാണ് നാട്ടുകാരുടെ ആരോപണം. പൂജാരിയായ മക്കൾ സദാനന്ദനും രാജസേനനും ചേർന്നാണ് മൃതദേഹം മറവ് ചെയ്തത്. ഗോപൻ സ്വാമി സമാധിയായ എന്ന് പിന്നീട് പോസ്റ്റർ പതിക്കുകയും ചെയ്തു. പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.

മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന പൂജ ഉള്ളതിനാലാണ് സമാധിയായ വിവരം ആരെയും അറിയിക്കാതിരുന്നത് എന്നാണ് കുടുംബത്തിന്‍റെ വാദം. വീടിനു സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു മൃതദേഹം സംസ്കരിച്ചത്. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം മറവ് ചെയ്ത സ്ഥലം പൊലീസ് സീൽ ചെയ്തിട്ടുണ്ട്.


TAGS :

Next Story