ശിവശങ്കർ ഐടി സെക്രട്ടറിയായതോടെ സർക്കാര്‍ അഴിമതിയുടെ അക്ഷയഖനിയായി: രമേശ് ചെന്നിത്തല
'മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം,പുറത്തുവന്ന തെളിവുകളൊന്നും സർക്കാർ നിഷേധിച്ചിട്ടില്ല'
തിരുവനന്തപുരം: എം.ശിവശങ്കർ സർക്കാരിന്റെ ഐടി സെക്രട്ടറിയായത് മുതലാണ് അഴിമതിയുടെ അക്ഷയഖനിയായി മാറിയെതന്ന് രമേശ് ചെന്നിത്തല. 2018 മുതലുള്ള ഐടി,വ്യവസായ വകുപ്പുകളുടെ കീഴിൽ വരുന്ന എല്ലാ പദ്ധതികളും അന്വേഷിക്കണം.എ.ഐ ക്യാമറ ആരോപണം പുറത്ത് വന്നതോടെ പ്രതിസ്ഥാനത്തായ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
'എ ഐ ക്യാമറ ആരോപണം പുറത്ത് വന്നതോടെ പ്രതിസ്ഥാനത്ത് നിൽക്കുന്നത് മുഖ്യമന്ത്രിയാണ്. ശാസ്ത്രീയമായി അഴിമതി നടത്തുന്നതിൽ സർക്കാരിന് ഒന്നാം സ്ഥാനം നൽകണം.പുറത്തുവന്ന തെളിവുകളൊന്നും സർക്കാർ നിഷേധിച്ചിട്ടില്ല. ആരോപണങ്ങളെ പാർട്ടി പ്രതിരോധിച്ചിട്ടുമില്ല. ഒന്നുകിൽ ജനങ്ങളെ ബോധ്യപ്പെടുത്തണം.അല്ലെങ്കിൽ ആരോപണം തള്ളണം. വല്ലഭന് പുല്ലും ആയുധമെന്ന പോലെ എന്ത് തട്ടിപ്പും നടത്താമെന്ന വൈഭവമാണ് സർക്കാറിന്. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് നടക്കുന്നത്'..അദ്ദേഹം പറഞ്ഞു.
'എസ്.ആർ.ഐ.ടി, അക്ഷര എന്റർപ്രൈസസ്, അശോക ബിറ്റ്‌കോൺ എന്നീ കമ്പനികളുമായാണ് കരാർ. എസ്.ആർ.ഐ.ടിക്ക് കരാർ കിട്ടാൻ മറ്റ് രണ്ട് കമ്പനികൾ തമ്മിൽ മത്സരിച്ചു. പ്രസാഡിയോക്കാണ് കേരളത്തിലെ എല്ലാ വർക്കുകളും ലഭിക്കുന്നത്.കെൽട്രോണുമായി ബന്ധപ്പെട്ടത് പ്രത്യേകം അന്വേഷിക്കണം. ഒരേ പാറ്റേണിലുള്ള അഴിമതിക്ക് പിന്നിൽ ഒരേ കമ്പനികളാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
'കേരളത്തിലെ മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. വർഷങ്ങൾക്ക് മുൻപ് ലാവലിൻ കേസിൽ ആരോപണം ഉന്നയിച്ചപ്പോഴും പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി മറുപടി പറഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ്. പാർട്ടി സെക്രട്ടറിയും മന്ത്രിമാരും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16