ജീവനക്കാരുടെ പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ, ശമ്പളം വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ്
ബുധനാഴ്‌ചയാണ് പ്രതിപക്ഷ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്
തിരുവനന്തപുരം: ബുധനാഴ്ച്ച നടക്കുന്ന പണിമുടക്കിനു മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിനാണ് ഡയസ് നോൺ.
ആറു ഗഡു (18%) ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം ശമ്പള കമ്മിഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോണായി കണക്കാക്കുമെന്ന് പൊതുഭരണവകുപ്പ് ചീഫ് സെക്രട്ടറി ഡോ. വേണു വി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഗവർണറുടെ നിർദേശപ്രകാരമാണ് ഉത്തരവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പണിമുടക്ക് ദിവസത്തെ ശമ്പളം അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കുറക്കുമെന്നും ഉത്തരവിൽ പറയുന്നു. അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. അനുമതിയില്ലാതെ ഹാജരാകാത്ത താൽകാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസത്തെ ജീവനക്കാരുടെ എണ്ണം അടക്കം അതാത് വകുപ്പ് മേധാവികൾ റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. ആവശ്യസേവനങ്ങൾ തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.
Adjust Story Font
16