സോണ്ട കമ്പനിക്ക് ആരും ക്ലീൻചീറ്റ് നൽകിയിട്ടില്ല: എം. വി ഗോവിന്ദൻ
കോഴിക്കോട് കോർപറേഷൻ സോണ്ടക്ക് നൽകിയ ഒന്നര കോടി രൂപ തിരിച്ചു പിടിക്കണമെന്നും ഗോവിന്ദൻ
തിരുവനന്തപുരം: കണ്ണൂർ കോർപറേഷൻ സോണ്ട ഇൻഫ്രാടെക്കുമായി കരാർ തുടരാൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് എം. വി ഗോവിന്ദൻ. കരാർ തുടർന്നിട്ടില്ല, അതിനർത്ഥം സർക്കാർ പ്രത്യേകമായി ഒരു കമ്പനിക്ക് വേണ്ടിയും വാദിച്ചില്ല എന്നാണ്. കോഴിക്കോട് കോർപറേഷൻ സോണ്ടക്ക് നൽകിയ ഒന്നര കോടി രൂപ തിരിച്ചു പിടിക്കണം. കരാറിൽ പണം തിരിച്ച് നൽകാൻ വ്യവസ്ഥ ഇല്ലെങ്കിൽ അതിന് കാരണക്കാരായ ഉദ്യോഗസ്ഥർ ആരെന്ന് കണ്ടുപിടിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ബ്രഹ്മപുരത്ത് അന്വേഷണം നടക്കും, സോണ്ട കമ്പനിക്ക് ക്ലീൻചീറ്റ് ആരും നൽകിയിട്ടില്ല. പ്രതിപക്ഷത്തിലെ തർക്കം മറയ്ക്കാനാണ് ബ്രഹ്മപുരം വിഷയം ഉന്നയിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഷീബയുടെ ചികിത്സാ വിഷയത്തിൽ ആരോഗ്യ വകുപ്പിൻ്റെ ഇടപെടൽ ഫലപ്രദമാണെന്നും കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരഗുണ നിലവാരമുള്ളതാണെന്നും ഇപ്പോഴുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
താലിബാനുമായി സംഘപരിവാർ ധാരണ ഉണ്ടാക്കിയിരിക്കുകയാണെന്നും താലിബാൻ വിദ്യാർഥികൾ കോഴിക്കോട് ഐ. ഐ. എമ്മിൽ പഠനത്തിനായെത്തുന്നത് ഇതിന്റെ ഭാഗമായാണെന്നും പറഞ്ഞ ഗോവിന്ദൻ ഭീകരവാദവുമായി സംഘപരിവാർ കൈ കോർക്കുന്നെന്നും സ്ത്രീ വിരുദ്ധതയാണ് താലിബാന്റെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16