'സർക്കാരിന്‍റെ കെടുകാര്യസ്ഥതയും നികുതി പിരിക്കുന്നതിലെ വീഴ്ചയും കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു'; ടി.എൻ. പ്രതാപൻ എം.പി
കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട നികുതി വിഹിതത്തിൽ വീഴ്ച വരുത്തുന്നുണ്ടെന്നും ബി.ജെ.പി ഇതര സർക്കാരുകളോട് വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ഡൽഹി: സർക്കാരിന്‍റെ കെടുകാര്യസ്ഥതയും നികുതി പിരിക്കുന്നതിലെ വീഴ്ചയും കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചെന്ന് ടി.എൻ. പ്രതാപൻ എം.പി. ഇതിനൊപ്പം കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട നികുതി വിഹിതത്തിൽ വീഴ്ച വരുത്തുന്നുണ്ടെന്നും ബി.ജെ.പി ഇതര സർക്കാരുകളോട് കേന്ദ്രം വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടൂറിസം പദ്ധതിയിൽ കേന്ദ്രം കേരളത്തിന് ഒന്നും നൽകിയില്ലെന്നും ആ തുക നൽകുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണെന്നും അദ്ദേഹം ആരോപിച്ചു. സ്പോർട്സ് മേഖലയിലും കൂടുതൽ വിഹിതം നൽകുന്നത് ഗുജറാത്ത്, യുപി സംസ്ഥാനങ്ങൾക്കാണ്. കേരളത്തെ മനഃപൂർവം അവഗണിക്കുകയാണെന്നും ഇതിന് തങ്ങൾ സമ്മതിക്കില്ലെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ തെറ്റും ധൂർത്തും ചൂണ്ടിക്കാണിക്കുമെന്നും പക്ഷേ അതിൻ്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി പിരിവിൽ സർക്കാർ അഴിമതി കാണിച്ചെന്നും വലിയ നികുതി പിരിക്കേണ്ടവർക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയാണെന്നും പറഞ്ഞ ടി.എൻ.പ്രതാപൻ കേരള സർക്കാരിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും കേരളത്തോട് ഉള്ള അവഗണന ഇതിന് മുൻപും പ്രതിപക്ഷ എം.പിമാർ പാർലമെൻ്റിൽ ഉന്നയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
'റെയിൽവേ, ദേശീയപാത വിഷയങ്ങളിൽ മുൻപും കേന്ദ്രം അവഗണന കാണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള രണ്ട് കേന്ദ്ര മന്ത്രിമാർ ഉണ്ട്. കേരളത്തോടുള്ള അവഗണനയിൽ അവർ പ്രതികരിച്ചിട്ടില്ല. കേന്ദ്രത്തിൻ്റെ കണ്ണിലെ കരടാണ് കേരളം എന്ന് അവർക്ക് അറിയാം. ഞങ്ങളെ പാർലമെൻ്റിലേക്ക് അയച്ചത് കേരളത്തിലെ ജനങ്ങളാണ് അവർക്ക് വേണ്ടി ഞങ്ങൾക്ക് സംസാരിച്ചേ പറ്റൂ'- ടി.എൻ.പ്രതാപൻ
Adjust Story Font
16