Quantcast

ഗവർണർ - മുഖ്യമന്ത്രി പോര് കനക്കുന്നു; നേരിടാനുറച്ച് സിപിഎം

ഇടതുമുന്നണി നേതാക്കളും വരുന്ന ദിവസങ്ങളിൽ ഗവർണർക്കെതിരെ രംഗത്ത് വരും

MediaOne Logo

Web Desk

  • Updated:

    2024-10-12 02:06:33.0

Published:

12 Oct 2024 12:54 AM GMT

governor-cm
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പോരിനിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിടാൻ ഉറച്ച് സിപിഎം. കാലാവധി കഴിഞ്ഞ ഗവർണർ സംഘപരിവാറിന് വേണ്ടി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നു എന്ന പ്രചരണ ശക്തമാക്കാൻ ആണ് സിപിഎം തീരുമാനം.

ഇടതുമുന്നണി നേതാക്കളും വരുന്ന ദിവസങ്ങളിൽ ഗവർണർക്കെതിരെ രംഗത്ത് വരും. മലപ്പുറം ജില്ലയിൽ നിന്ന് പിടിക്കുന്ന സ്വർണവും ഹവാല പണവുമെല്ലാം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പുറത്തുവന്ന ഹിന്ദു ദിനപത്രത്തിലെ അഭിമുഖം ആയുധമാക്കിയാണ് ഗവർണർ സർക്കാരിനെതിരെ യുദ്ധം തുടങ്ങിയത്.രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നത് തന്നെ അറിയിച്ചില്ല എന്ന പരാതി ഉന്നയിച്ചായിരുന്നു ഗവർണറുടെ തുടക്കം. താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞെങ്കിലും ഗവർണർ അംഗീകരിക്കാൻ തയ്യാറായില്ല.ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഉള്ള നീക്കം സർക്കാർ തടഞ്ഞു.

തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചെങ്കിൽ അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യം ഗവർണർ മുന്നോട്ടുവച്ചു. പലതരത്തിൽ സർക്കാർ മറുപടി പറഞ്ഞെങ്കിലും ഗവർണർ അതൊന്നും ഉൾക്കൊണ്ടില്ല. ഗവർണറുടെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് മനസിലാക്കിയാണ് സിപിഎം നേരിട്ട് ഗവർണർക്കെതിരെ രംഗത്തിറങ്ങുന്നത്.അഞ്ചുവർഷം കഴിഞ്ഞിട്ടും ഗവർണറെ കേന്ദ്രസർക്കാർ മാറ്റാത്തത് സംസ്ഥാനസർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ വേണ്ടിയാണെന്ന ബോധ്യം സിപിഎമ്മിൽ ഉണ്ട്.അതുകൊണ്ടാണ് ഗവർണർ വെറും കെയർടേക്കർ മാത്രമാണെന്ന് പറഞ്ഞുകൊണ്ട് സിപിഎം പ്രതിരോധത്തിന് തുടക്കം കുറിക്കുന്നത്.

സിപിഎം മാത്രമല്ല വരും സമയങ്ങളിൽ ഇടതുമുന്നണിയിലെ മറ്റു നേതാക്കളും ഗവർണർക്കെതിരെ രംഗത്ത് വരും.സർക്കാരിനെയും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ഗവർണറുടെ നീക്കത്തെ മുന്നണി ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്.



TAGS :

Next Story