സഭ അനിശ്ചിതമായി പിരിഞ്ഞെന്ന് അറിയിക്കില്ല; ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് സമ്മേളനം
മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം
തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് സമ്മേളനം. സഭ അനിശ്ചിതമായി പിരിഞ്ഞെന്ന് ഗവർണറെ അറിയിക്കില്ല. ഇന്നലെ അവസാനിച്ച സഭയുടെ തുടർച്ച അടുത്ത മാസം നടക്കും.
നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും മന്ത്രിസഭ ചേർന്ന് ശിപാർശ നൽകിയാലേ വിജ്ഞാപനം ഗവർണർ പുറത്തിറക്കുകയുള്ളൂ. പുതിയ വർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. എന്നാൽ സർക്കാരുമായി പരസ്യമായ പോര് പ്രഖ്യാപിച്ച ഗവർണറോട് വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് നയപ്രഖ്യാപനം തൽക്കാലത്തേക്ക് ഒഴിവാക്കാന്‍ സർക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മർദത്തിലാക്കിയതിൻറെ തുടർച്ച സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. നിയമസഭാ സമ്മേളനം അവസാനിച്ചത് മന്ത്രിസഭാ ശിപാർശയോടെ ഗവർണറെ അറിയിക്കാതിരിക്കലാണ് നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ കണ്ടിരിക്കുന്ന മാർഗം.
സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നുവെന്ന് സ്പീക്കർ അറിയിച്ചാലും മന്ത്രിസഭായോഗം ചേർന്ന് സഭ പിരിഞ്ഞതായി ഗവർണറെ അറിയിച്ച് വിജ്ഞാപനം ചെയ്യുമ്പോഴേ നടപടിക്രമം പൂർത്തിയാകൂ. സഭ പിരിയുന്നതായി മന്ത്രിസഭ ശിപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിൻറെ തുടർച്ചയായി തന്നെ കണക്കാക്കാം. പഴയ സമ്മേളന ബാക്കിയായി സഭ ചേരുന്നതിനാൽ നയപ്രഖ്യാപനം ഒഴിവാക്കുകയും ചെയ്യാം. ഈ തന്ത്രത്തിൻറെ ഭാഗമായാണ് ഇന്നലെ സഭ പിരിഞ്ഞതിന് ശേഷം മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ പിരിഞ്ഞതായി ഗവർണറോട് ശുപാർശ ചെയ്യാതിരുന്നത്. കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും സഭ സമ്മേളിക്കണമെങ്കിൽ മന്ത്രിസഭ ചേർന്ന് തീരുമാനമെടുത്ത് സ്പീക്കറോട് ശിപാർശ ചെയ്താൽ മതി. നിയമസഭയിലെ പുസ്തകോത്സവം കഴിഞ്ഞ ശേഷമേ ഇനി സഭ ചേരുകയുളളൂ.
ഇത് രണ്ടാം തവണയാണ് സംസ്ഥാന സർക്കാർ ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗവർണർ രാംദുലാരി സിൻഹയുമായി ഇടഞ്ഞപ്പോഴാണ് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ ആദ്യമായി തീരുമാനിച്ചത്. തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താനാവില്ല. വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.
Adjust Story Font
16