ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; സംസ്ഥാന സർക്കാരിന് മുന്നിലുള്ള അടുത്ത വെല്ലുവിളി
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് പോലും മുഖ്യമന്ത്രിയോട് മിണ്ടാതെ പിണങ്ങിയിരുന്ന ഗവർണർ നയപ്രഖ്യാപനത്തിന് എന്ത് ചെയ്യും എന്ന ചോദ്യം സർക്കാരിന് മുന്നിലുണ്ട്.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് മുന്നിലുള്ള അടുത്ത വെല്ലുവിളിയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഈ മാസം 25 ഓടെ ആരംഭിക്കാന്‍ ആലോചിക്കുന്ന നിയമസഭ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിഞ്ജയ്ക്ക് പോലും മുഖ്യമന്ത്രിയോട് മിണ്ടാതെ പിണങ്ങിയിരുന്ന ഗവർണർ നയപ്രഖ്യാപനത്തിന് എന്ത് ചെയ്യും എന്ന ചോദ്യം സർക്കാരിന് മുന്നിലുണ്ട്.
പുതിയ വർഷത്തില്‍ ആദ്യം നടക്കുന്ന നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോട് കൂടിയാണ് ആരംഭിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെല്ലാം നയപ്രഖ്യാപന പ്രസംഗത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പല തരത്തില്‍ ഉടക്കിട്ടുണ്ട്. ഒരു തവണ, നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ വായിക്കില്ലെന്ന് നിർബന്ധം പിടിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ടതോടെ വഴങ്ങി. അടുത്തവട്ടം നയപ്രഖ്യാപനത്തിന്‍റെ തലേദിവസം രാത്രിവരെ അതില്‍ ഒപ്പിട്ട് തിരിച്ചയക്കാതെ സർക്കാരിനെ മുള്‍മുനയില്‍ നിർത്തി.
പിന്നീട് ഗവർണറുടെ കത്ത് പുറത്ത് വിട്ടെന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥനെ മാറ്റിയാണ് സർക്കാർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിച്ചത്. കഴിഞ്ഞ തവണയും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വലിയ ഉടക്കിടാതെ ഗവർണർ വന്ന് പ്രസംഗം വായിച്ചു. എന്നാല്‍ ഇത്തവണ അതല്ല അവസ്ഥ. പരിഹരിക്കാന്‍ കഴിയാത്ത തരത്തിലുള്ള അകല്‍ച്ച സർക്കാരും മുഖ്യമന്ത്രിമായുമായി ഗവർണർക്ക് ഉണ്ടായിക്കഴിഞ്ഞു. തനിക്കെതിരായ എസ്.എഫ്.ഐ കരിങ്കൊടി മുഖ്യമന്ത്രിയുടെ ആസൂത്രണം ആണെന്നാണ് ഗവർണർ ആരോപിക്കുന്നത്.
ഗണേഷ് കുമാറിന്‍റെയും,കടന്നപ്പള്ളി രാമചന്ദ്രന്‍റേയും സത്യപ്രതിജഞാ വേദിയില്‍ ഗവർണർ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതെ മിണ്ടാതെ ഇരുന്നതും കേരളം കണ്ടതാണ്. ഈ മാസം 25 മുതല്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ച് ചേർക്കാനാണ് സർക്കാർ ആലോചന. അത് ഗവർണറുടെ നയപ്രഖ്യാപനത്തോടെ വേണം തുടങ്ങാന്‍. നയപ്രഖ്യാപനത്തിന് എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്‍ററി കാര്യമന്ത്രിയും ചേർന്നുവേണം നിയമസഭയ്ക്ക് മുന്നില് നിന്ന് സ്വീകരിക്കാന്‍.
സർക്കാരുമായി പിണങ്ങി നില്‍ക്കുന്ന ഗവർണർ മന്ത്രിസഭ അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗം അയക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. സത്യവാചകം ചൊല്ലി കൊടുക്കുന്നത് പോലെയുള്ള ഭരണഘടന ബാധ്യതയായ നയപ്രഖ്യാപനപ്രസംഗവും ഗവർണർ നടത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഇല്ലെങ്കില്‍ ഗവർണർക്കെതിരായ കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സർക്കാർ ഇതും ഉന്നയിച്ചേക്കും.
Adjust Story Font
16