Quantcast

എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശിപാർശ അംഗീകരിച്ച് സർക്കാർ

ശിപാർശ നൽകി ഒരാഴ്ചയ്ക്കു ശേഷമാണ് സർക്കാർ തീരുമാനം.

MediaOne Logo

Web Desk

  • Updated:

    2024-09-19 15:52:12.0

Published:

19 Sep 2024 3:46 PM GMT

Govt Decided to Vigilance Enquiry Against ADPG Ajith Kumar |
X

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. ഇതുസംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാര്‍ശ സർക്കാർ അംഗീകരിച്ചു. ഇതിനായുള്ള അന്വേഷണ സംഘത്തെ നാളെ തീരുമാനിക്കും. അനധികൃത സ്വത്തുസമ്പാദനവും കവടിയാറിലെ വീട് നിർമാണവുമടക്കം അഞ്ച് കാര്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ശിപാർശ നൽകി ഒരാഴ്ചയ്ക്കു ശേഷമാണ് സർക്കാർ തീരുമാനം.

ഡിജിപിയുടെ ശിപാർശയില്‍ തീരുമാനമെടുക്കാത്ത സർക്കാർ നിലപാടിനെതിരെ വിമർശനം ശക്തമായിരുന്നു. അനുമതി വൈകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു. അജിത്കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് സിപിഐ അടക്കം നിലപാട് കടുപ്പിച്ച് നിൽക്കെയാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ പച്ചക്കൊടി കാട്ടിയത്.

അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന പൊലീസ് മേധാവി ശിപാര്‍ശ നല്‍കിയത്. ബന്ധുക്കളുടെ പേരില്‍ സ്വത്ത് സമ്പാദിക്കല്‍, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കേസ് ഒതുക്കാന്‍ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ പരാതികളിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ശിപാര്‍ശ. ഇത് വിജിലൻസ് മേധാവിക്ക് സർക്കാർ കൈമാറിയെന്നാണ് വിവരം.

അതേസമയം, എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് സിപിഐ. ക്രമസമാധാന ചുമതലയുള്ള എഡി‌ജിപി സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് ആവശ്യം. നേരിട്ടും പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലും സിപിഐ ദേശീയ നിർവാഹ സമിതി അംഗമായ പ്രകാശ് ബാബു ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

ആർഎസ്‌എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്‌ച ഔദ്യോഗികമാണോ അതോ വ്യക്തിപരമാണോ എന്ന് അജിത് കുമാർ പറയണം. അജിത് കുമാർ സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും നടപടി വൈകുന്നതിനനുസരിച്ച് എൽഡിഎഫിനാണ് മങ്ങലേൽക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.

എപ്പോഴും ആർഎസ്എസിനെ എതിർക്കുന്ന നിലപാടുള്ളവരാണ് എൽഡിഎഫ്. ആ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു കീഴിലെ ഒരു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചു എന്നത് അം​ഗീകരിക്കാനാവുന്ന കാര്യമല്ലെന്ന് സിപിഐയ്ക്ക് എപ്പോഴും ഇതേ നിലപാടു തന്നെയാണെന്നും അദ്ദേഹം മാധ്യമങ്ങളോടും പറഞ്ഞിരുന്നു.

അജിത്കുമാറിനെതിരെ ആരോപണവുമായി പി.വി അൻവർ എംഎൽഎ രം​ഗത്തെത്തുക മാത്രമല്ല, എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവരികയും കൂടി ചെയ്തത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. കൂടിക്കാഴ്ചയിൽ സർക്കാരിനെ തള്ളി പാർട്ടി തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് ആഭ്യന്തരവകുപ്പിനും സർക്കാരിനുമെതിരെ വിമർശനം ശക്തമായിട്ടും ഇക്കാര്യത്തിൽ ഇപ്പോഴും മൗനം തുടരുകയാണ് മുഖ്യമന്ത്രി.

TAGS :

Next Story