വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സമരക്കാരുമായി നേരിട്ട് ചർച്ച നടത്തി; ബാഹ്യ ഇടപെടൽ ഉണ്ടോയെന്ന് സംശയമെന്നും മുഖ്യമന്ത്രി
പദ്ധതിക്ക് എതിരെ ബാഹ്യ ശക്തികൾ നീങ്ങുന്നുണ്ടോയെന്ന് യുഡിഎഫ് സർക്കാരിനും സംശയം ഉണ്ടായിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സമരക്കാരുമായി നേരിട്ട് ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാര്യം താൻ പുറത്തുവിടാതിരുന്നതാണ്. ഔദ്യോഗികമായും അനൗദ്യോഗികമായും പല തവണ ചർച്ച നടത്തി. ചർച്ച നടക്കുന്ന ഘട്ടത്തിൽ, സമരത്തിന്റെ ഏറ്റവും പ്രധാന നേതാവും അതിൽ പങ്കെടുത്തു. കൂടാതെ മന്ത്രിമാരും ചർച്ച നടത്തി. സർക്കാരിന് വേണ്ടിയാണ് മന്ത്രിമാർ ചർച്ച നടത്തിയതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വിഴിഞ്ഞം വിഷയത്തിലുള്ള അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ആഗസ്റ്റ് 16ന് സമരം ആരംഭിച്ചു. 19ന് മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തിയത്. ചർച്ചയുടെ കാര്യത്തിൽ സർക്കാർ അലംഭാവം കാണിച്ചിട്ടില്ല. തുറമുഖ നിർമാണം നിർത്തിവയ്ക്കാനാകില്ലെന്നും തീരശോഷണം പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്നും സമരസമിതിയെ അറിയിച്ചു. സർക്കാർ പറഞ്ഞതെല്ലാം സമരസമിതി അംഗീകരിച്ചിരുന്നു. അതിന് ശേഷവും ചർച്ചകൾ നടന്നു.
എന്നാൽ പിന്നീട് കാര്യങ്ങൾ വഷളായെന്നും ഇതിനു പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോയെന്നും സമരത്തെ മറ്റേതോ ചിലർ നിയന്ത്രിക്കുന്നുണ്ടോ എന്നും സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആ സംശയം മുമ്പും ഉണ്ടായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെ സാധൂകരിക്കാനായി മന്ത്രി കെ ബാബുവിന്റെ മറുപടി മുഖ്യമന്ത്രി സഭയിൽ വായിച്ചു. കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്നാണ് യുഡിഎഫ് അവശ്യപ്പെട്ടത്.
ഇങ്ങനെ ഒരു സംശയം ഉണ്ടെന്ന് ആന്ന് മന്ത്രി കെ ബാബു പറഞ്ഞിട്ടുണ്ട്. പദ്ധതിക്ക് എതിരെ ചിലർ നീങ്ങുന്നു എന്ന് അന്നത്തെ സർക്കാരിനും സംശയം ഉണ്ടായിരുന്നു. പദ്ധതിക്കെതിരെ ബാഹ്യ ശക്തികൾ നീങ്ങുന്നുണ്ടോയെന്ന് യുഡിഎഫ് സർക്കാരിനും സംശയം ഉണ്ടായിരുന്നു. നിലവിൽ പദ്ധതിയുടെ 80 ശതമാനം പണി പൂർത്തിയായി. 475 കോടി രൂപ യുഡിഎഫ് സർക്കാർ അനുവദിച്ചിട്ടില്ല. ബജറ്റിൽ തുക അനുവദിക്കാതെ ഉത്തരവ് ഇറക്കിയാൽ പാക്കേജ് ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടായിട്ടില്ലെന്നും തീരശോഷണം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തീരശോഷണം സംബന്ധിച്ച് വിദഗ്ധ സമിതിയുമായി മത്സ്യത്തൊഴിലാളികൾക്ക് ആശയ വിനിമയം നടത്താം. സമരക്കാർക്ക് എപ്പോൾ വേണമെങ്കിൽ ആശയ വിനിമയം നടത്താം. ഒരു കാര്യത്തിൽ മാത്രമേ സർക്കാരിന് കടുംപിടുത്തം ഉള്ളൂ. പദ്ധതി നിർത്തി വയ്ക്കാൻ കഴിയില്ല എന്നതാണതെന്നും മുഖ്യമന്ത്രി വിശദമാക്കി.
Adjust Story Font
16