അരയ്ക്ക് താഴേക്കു തളര്‍ന്ന അച്ഛന് താങ്ങായി മകള്‍; വിസ്മയക്ക് വിവാഹസഹായവുമായി സര്‍ക്കാര്‍
ആലപ്പുഴ ചേർത്തല സ്വദേശി വിനോദിന്‍റെ മകൾ വിസ്മയയുടെ വിവാഹത്തിലാണ് സർക്കാർ ഇടപെടൽ
അരയ്ക്ക് താഴേക്ക് തളർന്ന അച്ഛനെ കൈകളിലേന്തി താങ്ങായ മകൾക്ക് വിവാഹസഹായം നൽകി സംസ്ഥാന സർക്കാർ. ആലപ്പുഴ ചേർത്തല സ്വദേശി വിനോദിന്‍റെ മകൾ വിസ്മയയുടെ വിവാഹത്തിലാണ് സർക്കാർ ഇടപെടൽ.
വീട്ടിൽ നിന്നും ഉയരത്തിലുള്ള റോഡിലേക്ക് പിതാവിനെ കൈകളിലെടുത്ത് എത്തിക്കുന്ന വിസ്മയയുടെ വാർത്ത ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് സർക്കാർ സഹായം നൽകിയത്. ലോട്ടറി കച്ചവടക്കാരനായ വിനോദിനെ ഈ റോഡിലേക്ക് എന്നും എടുത്തുകൊണ്ടുവരുന്നത് മകൾ വിസ്മയ ആയിരുന്നു. വീൽചെയറുമായി പിന്നാലെ ഇളയ മകൾ വിനയ. അച്ഛനെ ചുമക്കുന്ന മകളുടെ കഥയറിഞ്ഞതോടെ വിസ്മയയുടെ വിവാഹത്തിന് സർക്കാരിന്‍റെയും ഇടപെടൽ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരം ജില്ലാ കലക്ടറും എ.എം ആരിഫ് എം.പിയും വിവാഹ വേദിയിലെത്തി.
2007ൽ മരം വെട്ടുന്നതിനിടെയാണ് വിനോദിന് അപകടമുണ്ടായത്. പിന്നീടങ്ങോട്ട് ജീവിതത്തിൽ തളരാതെയുള്ള പോരാട്ടം. മകളുടെ വിവാഹം കഴിഞ്ഞതോടെ ഈ അച്ഛൻ വലിയ സന്തോഷത്തിലാണ്. മാരാരിക്കുളം സ്വദേശി ജോംസനാണ് വിസ്മയയെ താലി ചാർത്തിയത്. കെ.സി വേണുഗോപാൽ എം.പിയും ആശംസകൾ നേരാനെത്തി. വിസ്മയയുടെ വിവാഹം കഴിഞ്ഞതോടെ പ്ലസ്ടു കഴിഞ്ഞ ഇളയ മകൾ വിനയ ആണ് ഇനി വിനോദിന് താങ്ങ്.
Adjust Story Font
16