Quantcast

ഫലസ്തീൻ ജനതയുടെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ച് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ

ഫലസ്തീൻ മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കത്തയച്ച് പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-10-18 11:14:31.0

Published:

18 Oct 2023 9:31 AM GMT

Grand Mufti Kanthapuram Abubakar Musliar,  Palestinian people,  Prime Minister, Abubakar Musliar, israel, latest malayalam news, ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, പലസ്തീൻ ജനത, പ്രധാനമന്ത്രി, അബൂബക്കർ മുസ്‌ലിയാർ, ഇസ്രായേൽ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

കോഴിക്കോട്: ഫലസ്തീൻ ജനതയുടെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ. പി.അബൂബക്കർ മുസ്‌ലിയാർ. ഫലസ്തീൻ ജനതയോടൊപ്പം എന്നും നിന്നിട്ടുള്ള ഇന്ത്യ, പശ്ചിമേഷ്യ നിലവിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കണമെന്നും ശാശ്വത പരിഹാരത്തിനായി ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഫലസ്തീൻ മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കത്തയച്ച് പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചത്.


ആഗോള വിഷയങ്ങളിൽ ഇന്ത്യ മുൻകാലങ്ങളിൽ സ്വീകരിച്ച ചേരിചേരാ നയവും ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന സ്വാധീനവും സ്വീകാര്യതയും ഉപയോഗപ്പെടുത്തി നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനു ഇന്ത്യ മുന്നിട്ടിറങ്ങണം. മധ്യേഷ്യയിൽ ഇപ്പോൾ രൂപപ്പെട്ട പ്രതിസന്ധി ആ പ്രദേശത്തുകാരെ മാത്രമോ നമ്മുടെ കാലത്തെ മാത്രമോ ബാധിക്കുന്ന ഒന്നല്ല. ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടിയുടെ പ്രമേയം തന്നെ 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ്. സമാധാന പൂർണമായ പൊതുഭാവി രൂപപ്പെടുത്താൻ ഫലസ്തീൻ- ഇസ്രയേൽ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാവേണ്ടതുണ്ട് -ഗ്രാൻഡ് മുഫ്തി ആവശ്യപ്പെട്ടു.



ഫലസ്തീൻ- ഇസ്രായേൽ വിഷയത്തിൽ ചരിത്രപരമായി ഇന്ത്യ സ്വീകരിച്ചുപോന്ന നിലപാടിൽ നന്ദിയറിച്ച ഫലസ്തീൻ മുഫ്തിയുടെ സന്ദേശവും പ്രധാനമന്ത്രിക്ക് കൈമാറി. ലോകത്തെ പ്രധാന ശക്തികളിലൊന്നായി വളരുന്ന ഇന്ത്യക്ക് നിലവിലെ പശ്ചിമേഷ്യൻ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിൽ നയതന്ത്ര പങ്കുവഹിക്കാൻ സാധിക്കുമെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസിഡർ അദ്നാൻ അബു അൽഹൈജ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

TAGS :

Next Story