ഗിനിയയിലെ നാവികരുടെ മോചനം വൈകുന്നു; ബന്ദികളാക്കിയ 16 പേരെ മലാബോയിലെത്തിച്ചു
നാവികരെ ഉടൻ നൈജീരിയക്ക് കൈമാറില്ല
കൊല്ലം: ഗിനിയയിൽ തടവിലുള്ള ഇന്ത്യൻ നാവികരുടെ മോചനം വൈകുന്നു. നാവികരെ ഉടൻ നൈജീരിയക്ക് കൈമാറില്ല. ബന്ദികളാക്കിയ 16 പേരെയും തിരികെ ഗിനിയയുടെ തലസ്ഥാനമായ മലാബോയിലെത്തിച്ചു. ഇവിടെ എത്തിച്ച ശേഷം ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്ന് കപ്പലില്‍ ബന്ദിയാക്കിയ മലയാളിയായ വിജിത്തിന്റെ കുടുംബം പറയുന്നു. ബലമായാണ് ഇവരെ അങ്ങോട്ട് മാറ്റിയത്. എന്തിനാണ് അങ്ങോട്ട് മാറ്റുന്നത് എന്ന് അറിയുന്നില്ലെന്നും വലിയ ആശങ്കയുണ്ടെന്നും വിജിത്തിന്റെ കുടുംബം പറയുന്നു.
അതേസമയം, ഗിനിയ വിട്ടാൽ നാടുമായി ബന്ധപ്പെടാനാകില്ലെന്ന് നാവികൻ സനു ജോസിന്റെ പുതിയ വീഡിയോ സന്ദേശം ഇന്നലെ രാത്രി പുറത്തുവന്നിരുന്നു. കപ്പൽ കെട്ടിവലിച്ചുകൊണ്ടുപോകാൻ നീക്കമെന്നാണ് വീഡിയോ സന്ദേശത്തിലുള്ളത്. ഇങ്ങനെയൊരു നീക്കത്തെക്കുറിച്ച് ഇന്ത്യൻ എംബസിയുടെ അറിയിപ്പില്ലാത്തതിനാൽ ഏറെ ആശങ്കയിലാണ് നാവികരും അവരുടെ കുടുംബവും.ഭക്ഷണവും വെള്ളവും എത്തിക്കാനായെങ്കിലും ഇന്ത്യൻ എംബസി ജീവനക്കാർക്ക് ഇതുവരെ നാവികരെ കാണാൻ അനുമതി ലഭിച്ചിട്ടില്ല.
നൈജീരയിലേക്ക് കൊണ്ടുപോയാൽ നാവികരുടെ മോചനം വൈകുമെന്ന ആശങ്ക നേരത്തെ തന്നെ കേന്ദ്ര സർക്കാരിനെ അറിയിച്ചതാണ്. നാവികരെ മറ്റൊരു കപ്പലിലേക്ക് മാറ്റി നാവികരെത്തിയ കപ്പൽ നൈജീരിയയിലേക്ക് കെട്ടിവലിച്ചു കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. മലയാളികൾ ഉൾപ്പെടെ 26 ഇന്ത്യക്കാരാണ് ഗിനിയയിൽ ബന്ദികളാക്കപ്പെട്ടത്.
Adjust Story Font
16