കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ നാലിന് ആരംഭിക്കും
കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് ഈ വർഷത്തെ ഹജ്ജ് വിമാന സർവീസ്
മലപ്പുറം: സംസ്ഥാനത്ത് നിന്നുളള ഈ വർഷത്തെ ഹജ്ജ് വിമാന സർവീസ് ജൂൺ നാലിന് ആരംഭിക്കും. ജൂൺ 16 വരെ 20 വിമാനങ്ങളാണ് സർവീസ് നടത്തുക. കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് ഈ വർഷത്തെ ഹജ്ജ് വിമാന സർവീസ്.
സൗദി എയർലൈൻസിനാണ് ഈ വർഷത്തെ ഹജ്ജ് സർവീസിന്‍റെ കരാർ ലഭിച്ചിരിക്കുന്നത്. ആദ്യ വിമാനം ജൂൺ നാല് രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടും. കേരളത്തിൽ നിന്നും മദീനയിലേക്കാണ് തീർത്ഥാടകർ പുറപ്പെടുക. ജൂൺ 4, 6, 7, 9, 13, 15 തിയ്യതികളിൽ ഓരോ സർവീസും 5, 8, 10, 14 തിയ്യതികളിൽ രണ്ടും 12, 16 തിയ്യതികളിൽ മൂന്ന് വിമാനങ്ങളുമാണ് സർവീസ് നടത്തുക. 377 തീർത്ഥാടകരാണ് ഓരോ വിമാനത്തിലും യാത്രയാകുക.
കേരളത്തിൽ നിന്നും 5,274 പേർക്കാണ് ഇക്കുറി ഹജ്ജിന് അവസരം ലഭിച്ചത്. കൂടാതെ, തമിഴ്നാട്ടിൽ നിന്ന് 1498 പേരും ലക്ഷദ്വീപിൽ നിന്നുള്ള 159 പേരും മാഹിയിൽ നിന്നുള്ള 52 തീർത്ഥാടകരും ഇക്കുറി കൊച്ചിയിൽ നിന്നാണ് പുറപ്പെടുക. സംസ്ഥാനത്ത് മലപ്പുറം ജില്ലയിൽ നിന്നാണ് കൂടുതൽ ഹജ്ജ് തീത്ഥാടകരുള്ളത്. ജില്ലയിൽ നിന്നുള്ള 1735 പേർക്കാണ് അവസരം ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ നിന്ന് 1064 പേരും കണ്ണൂരിൽ നിന്ന് 586 പേരും കാസർകോട് നിന്ന് 261 പേരുമുൾപ്പെടെ സംസ്ഥാനത്തെ 80 ശതമാനത്തിലധികം ഹജ്ജ് തീർത്ഥാടകരും മലബാറിൽ നിന്നുള്ളവരാണ്.
Adjust Story Font
16