മെക് സെവനെക്കുറിച്ച് സമസ്ത പഠിച്ചിട്ടില്ല, മുഹമ്മദലി കിനാലൂർ ആക്റ്റിവിസ്റ്റ്: അബ്ദുൽ ഹക്കീം അസ്ഹരി
ഇത്തരം കൂട്ടായ്മകളിൽ പോകുമ്പോൾ മതപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന് മാത്രമാണ് തങ്ങൾ നോക്കുന്നതെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
കോഴിക്കോട്: മെക് 7 കൂട്ടായ്മയെക്കുറിച്ച് എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരിന്റെ നിലപാട് തള്ളി സംസ്ഥാന സെക്രട്ടറി എ.പി അബ്ദുൽ ഹക്കീം അസ്ഹരി. സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും മെക് സെവനെക്കുറിച്ച് പഠിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ല. ചില സ്ഥലങ്ങളിൽ നവീനവാദികളുടെ നേതൃത്വത്തിൽ കളരി, കരാട്ടെ പോലുള്ളവ പഠിപ്പിക്കുന്നുണ്ട്. ഇതിന്റെ മറവിൽ അവരുടെ ആശയപ്രചാരണത്തിൽ പെട്ടുപോകരുതെന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്. സ്ത്രീകൾക്ക് പുരുഷൻമാർ ട്രൈനിങ് കൊടുക്കുകയും സ്ത്രീകൾ വ്യായാമം ചെയ്യുന്ന വീഡിയോ പുറത്തുവിടുകയും ചെയ്യുന്നതിനെയാണ് താൻ വിമർശിച്ചതെന്നും 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഹക്കീം അസ്ഹരി വ്യക്തമാക്കി.
ഇത്തരം കൂട്ടായ്മകളിൽ പോകുമ്പോൾ മതപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന് മാത്രമാണ് തങ്ങൾ നോക്കുന്നത്. ആക്ടിവിസ്റ്റ് മുഹമ്മദലി കിനാലൂർ മെക് സെവനെ എതിർത്ത് എഴുതിയത് ചർച്ചയായിട്ടുണ്ട്. അദ്ദേഹം തങ്ങളുടെ സംഘടനാപ്രവർത്തകനാണ്. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് സംഘടനാ നിലപാടായി വ്യാഖ്യാനിക്കപ്പെടുന്നത്. സുന്നികളുമായി ആശയപരമായി ഭിന്നതയുള്ളവർ പലയിടത്തും മെക് സെവന് നേതൃത്വം കൊടുക്കുകയും പരസ്പര ബന്ധമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതിൽ ജാഗ്രത വേണമെന്നാണ് മുഹമ്മദലി പറഞ്ഞത്. സമസ്ത മെക് സെവനെക്കുറിച്ച് പഠിച്ച് നിലപാട് പറയുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
Adjust Story Font
16