കൈവെട്ട് കേസ്: ആറ് പ്രതികൾ കുറ്റക്കാർ, അഞ്ച് പേരെ വെറുതെ വിട്ടു
ഭീകരപ്രവർത്തനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.
ടി.ജെ ജോസഫ്
കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ ആറ് പേർ കൂടി കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി. എന്‍.ഐ.എ ഹാജരാക്കിയ പ്രതിപ്പട്ടികയിൽ അഞ്ച് പേരെ കോടതി വെറുതെ വിട്ടു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.
തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായ ടി.ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലാണ് പ്രധാന പ്രതികൾ ഉൾപ്പെടെ ആറ് പേർ കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി കണ്ടെത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു.
ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ തെളിവ് മറച്ചുവെക്കൽ ,പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിലെ മുഖ്യപ്രതികളായ സജിലിൻ്റെയും നജീബിൻ്റെയും ജാമ്യം റദ്ദാക്കി ഉടൻ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. കേസിൻ്റെ ആസൂത്രകനായ നാസർ ഇപ്പോൾ റിമാൻഡിലാണ്.
നൗഷാദ് , മൊയ്തീൻ, കുഞ്ഞ്, അയൂബ് എന്നിവർക്ക് ജാമ്യത്തിൽ തുടരാമെങ്കിലും നാളെ കോടതിയിൽ ഹാജരാകണം. ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും എല്ലാവർക്കും വേദന ഇല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിൽ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് എന്‍.ഐ.എ കോടതി ജഡ്ജി അനിൽ ഭാസ്കർ ശിക്ഷ വിധിക്കും.12 പേരുടെ പ്രതിപ്പട്ടികയാണ് എന്‍.ഐ.എ സമർപ്പിച്ചതെങ്കിലും പ്രൊഫസറുടെ കൈ വെട്ടിയ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്.
Watch Video Report
Adjust Story Font
16