Quantcast

രാജകുടുംബങ്ങള്‍ക്ക് സർക്കാർ പ്രതിമാസം പണം നല്‍കുന്നതിനെതിരേ ഹരീഷ് വാസുദേവന്‍

മറ്റു നിരവധി നാട്ടുരാജാക്കന്മാരുടെ കുടുംബങ്ങൾ ഉണ്ടല്ലോ.. അവരുടെ താവഴിയിലും കാണുമല്ലോ നൂറുകണക്കിന് 'രാജകുടുംബാംഗങ്ങൾ'. എല്ലാവർക്കും ഇതുപോലെ ബജറ്റിൽ പണം വകയിരുത്തി പ്രത്യേക അലവൻസ് കൊടുക്കുന്ന ഒരു കേസ് നടത്തിയാലോ ന്നാ? പന്തളം രാജാവിനെ ഒക്കെ അപേക്ഷകരാക്കാം

MediaOne Logo

Web Desk

  • Published:

    30 Jun 2021 11:21 AM GMT

രാജകുടുംബങ്ങള്‍ക്ക് സർക്കാർ  പ്രതിമാസം പണം നല്‍കുന്നതിനെതിരേ ഹരീഷ് വാസുദേവന്‍
X

2013 മുതൽ കേരളത്തിൽ നടപ്പിലാക്കി തുടങ്ങിയ രാജകുടുംബാങ്ങൾക്ക് സർക്കാർ പ്രതിവർഷം 30,000 രൂപ വച്ച് നൽകുന്ന സമ്പ്രദായം നൽകണമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ.പ്രതിമാസം 2,500 രൂപ വച്ച് കൊടുക്കുന്ന ഈ ' ആചാരം' അന്ന് പലവിധ ന്യായീകരണങ്ങൾ നിരത്തിയാണ് ന്യായീകരിച്ചത്.

'ഇന്ത്യ സ്വതന്ത്രമായപ്പോൾ സാമൂതിരി രാജവംശത്തിനു ഒരുപാട് നഷ്ടമുണ്ടായി, അവരുടെ ഭൂമി പോയി, അതിന്റെ നഷ്ടപരിഹാരമായി കണ്ടാൽ മതി' എന്നൊക്കെയാണ് അന്നത്തെ ന്യായീകരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പ്രിവി പേഴ്സ് ഇന്ദിരാഗാന്ധി നിർത്തലാക്കിയത് പാഠപുസ്തകത്തിൽ നമുക്ക് പഠിക്കാനുണ്ട്. ജനാധിപത്യ ഇന്ത്യയിൽ ഇത് തിരിച്ചുകൊണ്ടുവന്നതും സ്‌കൂൾ പാഠപുസ്തകത്തിൽ കൊണ്ടുവരേണ്ടതല്ലേ എന്നും വിമർശനാത്മകമായി അദ്ദേഹം ചോദിക്കുന്നു.

കേരളത്തിൽ ഇപ്പോൾ നമ്മൾ സാധാരണ മനുഷ്യരും രാജകുടുംബത്തിലെ അംഗങ്ങളും എന്ന രണ്ടുതരം പൗരന്മാരുണ്ടോ എന്ന സംശയവും അദ്ദേഹം ചോദിക്കുന്നു. യു.ഡി.എഫ് ചെയ്ത ഈ തെറ്റ് എൽ.ഡി.എഫ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ജനാധിപത്യ ഭരണവും മനുഷ്യർ തുല്യരാണെന്ന ഭരണഘടനയും ഒക്കെ നിലവിൽ വന്നിട്ട് 71 വർഷമായിട്ടും 'രാജകുടുംബ'വും പരിഗണനയും ഒക്കെ ഇപ്പോഴുമുണ്ട്. അതില്ലെന്ന് ആരും പറയരുത്. 800 ലധികം കുടുംബാംഗങ്ങൾക്ക് പ്രതിവർഷം 30,000 രൂപ വെച്ചു കൊടുക്കുന്ന ആചാരമാണ്, ആചാരം തുടങ്ങിയത് 2013 ൽ ഉമ്മൻചാണ്ടി സർക്കാരാണ് എന്നൊക്കെ വാർത്തകളിൽ കാണുന്നു. പ്രതിമാസം 2500 രൂപ.

"ഇന്ത്യ സ്വതന്ത്രമായപ്പോൾ സാമൂതിരി രാജവംശത്തിനു ഒരുപാട് നഷ്ടമുണ്ടായി, അവരുടെ ഭൂമി പോയി, അതിന്റെ നഷ്ടപരിഹാരമായി കണ്ടാൽ മതി" എന്നൊക്കെയാണ് അന്നത്തെ ന്യായീകരണങ്ങൾ. രാജവംശ ഫാൻസ് ഒക്കെ ന്യായീകരിച്ചിട്ടുണ്ട്. അത്തരം വാദങ്ങൾ നുണയാണെന്നു ചരിത്രകാരന്മാർ അന്നേ പറഞ്ഞ റിപ്പോർട്ടുകളും ലഭ്യമാണ്. പ്രിവി പേഴ്‌സ് ഇന്ദിരാഗാന്ധി നിർത്തലാക്കിയത് പാഠപുസ്തകത്തിൽ നമുക്ക് പഠിക്കാനുണ്ട്. ജനാധിപത്യ ഇൻഡ്യയിൽ ഇത് തിരിച്ചു കൊണ്ടുവന്നതും സ്‌കൂൾ പാഠപുസ്തകത്തിൽ കൊണ്ടുവരേണ്ടതല്ലേ?

മറ്റു നിരവധി നാട്ടുരാജാക്കന്മാരുടെ കുടുംബങ്ങൾ ഉണ്ടല്ലോ.. അവരുടെ താവഴിയിലും കാണുമല്ലോ നൂറുകണക്കിന് 'രാജകുടുംബാംഗങ്ങൾ'. എല്ലാവർക്കും ഇതുപോലെ ബജറ്റിൽ പണം വകയിരുത്തി പ്രത്യേക അലവൻസ് കൊടുക്കുന്ന ഒരു കേസ് നടത്തിയാലോ ന്നാ? പന്തളം രാജാവിനെ ഒക്കെ അപേക്ഷകരാക്കാം. ന്തേയ്?

കേരളത്തിൽ ഇപ്പോൾ നമ്മൾ സാധാരണ മനുഷ്യരും രാജകുടുംബത്തിലെ അംഗങ്ങളും എന്ന രണ്ടുതരം പൗരന്മാരുണ്ട്, അല്ലേ? 'രാജകുടുംബ'ത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്ക് പൊയ്ക്കൂടെ എന്ന ചോദ്യം ബാക്കിയുണ്ട്.

കേരള സർക്കാരിന് പ്രതിവർഷം 2.5 കോടിരൂപ ചീള് കേസാണ്. പക്ഷെ ഇതിലൂടെ ഒരു സ്റ്റേറ്റ് acknowledge ചെയ്യുന്ന ഫ്യുഡൽ ചരിത്രത്തിന്റെ അവശിഷ്ടമുണ്ടല്ലോ, അതീ ജനാധിപത്യത്തെ ഒരുനാൾ തിരിഞ്ഞു കുത്തും. അതിനു കൊടുക്കേണ്ടി വരുന്ന വില ഇതിലുമേറെ വലുതായിരിക്കും. UDF ചെയ്ത ഈ തെറ്റ് LDF തിരുത്തണം.

TAGS :

Next Story