'കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് കടുത്ത വിവേചനം'; കള്ളക്കളികൾ പുറത്തുവരണമെന്ന് പി.എം.എ സലാം
കേരള സർക്കാർ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും മാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പി.എം.എ സലാം പറഞ്ഞു.
മലപ്പുറം: കരിപ്പൂരിൽ നിന്നുഉള്ള ഹജ്ജ് യാത്രക്കാരോട് കടുത്ത വിവേചനമാണ് കാട്ടുന്നതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. 80 ശതമാനം വരുന്ന ഹാജിമാരും കരിപ്പൂരിൽ നിന്നാണ് യാത്ര ചെയ്യുന്നത്. കരിപ്പൂരിനോട് മാത്രം എന്തിനാണ് ഈ ക്രൂരതയെന്നും ക്വട്ടേഷനിലെ കള്ളക്കളികൾ പുറത്തുവരണമെന്നും പി.എം.എ സലാം പറഞ്ഞു. ഹജ്ജ് തീർഥാടകർ ഒന്നിലും പ്രതികരിക്കില്ലെന്ന് പ്രതീക്ഷയിലാണെങ്കിൽ നടക്കില്ലെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാന്റെ പ്രതികരണം കള്ളകളിയാണ് വ്യക്തമാക്കുന്നത്. അപാകതകൾ ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത് സ്വാഭാവികമാണ്. ചോദ്യം ചോദിച്ചവരാണോ പിന്നെ കാര്യങ്ങൾ നടപ്പിലാക്കേണ്ടത്. എങ്കിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ രാജിവെച്ച് മാധ്യമപ്രവർത്തകരെ കാര്യങ്ങൾ ഏൽപ്പിക്കെന്നും പി.എം.എ സലാം പറഞ്ഞു.
"ഏക ക്വട്ടേഷൻ ലഭിച്ചാൽ റീ ടെണ്ടർ വിളിക്കണം. അത് ചെയ്യുന്നില്ല. കേരള സർക്കാർ വിഷയത്തിൽ ഗൗരവമായി ഇടപെടണം. കേന്ദ്രസർക്കാറിനെയും ഹജ്ജ് കമ്മിറ്റിയെയും കുറ്റം പറഞ്ഞ് കാഴ്ചക്കാരായി നിൽക്കുകയാണ് സംസ്ഥാന സർക്കാർ. ടെണ്ടർ സമയത്തെ യോഗത്തിൽ സംസ്ഥാന ഹജ്ജ് മന്ത്രിയടക്കം പങ്കെടുത്തിരുന്നു. അന്ന് ഒന്നും പറയാതെ മാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയിട്ട് കാര്യമുണ്ടോ. അപാകത ചൂണ്ടിക്കാട്ടിയപ്പോൾ ഉള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ ദാഷ്ട്യവും ധിക്കാരവുമാണ് പറയുന്നത്" പി.എം.എ സലാം കൂട്ടിച്ചേർത്തു. വിഷയത്തിൽ മുസ്‍ലിം ലീഗ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16