വടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിന് മണ്ണൊരുക്കുന്ന ജോലി മതനിരപേക്ഷ പാർട്ടികളിൽ നിന്ന് ഉണ്ടാവാൻ പാടില്ല.
കൊയിലാണ്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വടകരയിൽ നടക്കുന്ന വിദ്വേഷ പ്രചാരണം അവസാനിപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ തയാറാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ സൗഹൃദവും ഇഴയടുപ്പവും ഉണ്ടാക്കാൻ ബാധ്യസ്ഥരായ രാഷ്ട്രീയപാർട്ടികൾ വിദ്വേഷവും പകയും ഉണ്ടാവാൻ കാരണമാവുന്ന പ്രചാരണങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണ്.
സാമൂഹികമാധ്യമങ്ങളിലെ നിരുത്തരവാദ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ഇടതുപക്ഷ നേതാക്കൾ ഇത്തരമൊരു പ്രചാരണം ആരംഭിക്കാൻ ഒരു കാരണവശാലും പാടില്ലായിരുന്നു. താത്കാലിക തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ നടത്തിയ ഇത്തരം ശ്രമങ്ങൾ ഒരിക്കലും പരിഹരിക്കാനാവാത്ത ഗുരുതര പ്രശ്‌നങ്ങളിലേക്ക് നാടിനെ എത്തിക്കും. സംഘർഷങ്ങൾ അനവധിയുണ്ടായ ഒരു പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ കാണിക്കേണ്ട ജാഗ്രത ഭരണകക്ഷിയായിട്ടും ഇടതുപക്ഷത്തിൽ നിന്നുണ്ടായില്ല എന്നത് ഗൗരവതരമാണ്.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സംഘ്പരിവാറിന് മണ്ണൊരുക്കുന്ന ജോലി മതനിരപേക്ഷ പക്ഷത്തു നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന പാർട്ടികളിൽ നിന്ന് ഉണ്ടാവാൻ പാടില്ല. ദേശീയതലത്തിൽ ഫാസിസത്തോട് മുഖാമുഖം പൊരുതുന്ന ഇൻഡ്യ മുന്നണിയുടെ ഭാഗമായ കക്ഷികൾ തമ്മിലടിക്കുന്നത് ഒരിക്കലും നല്ല സന്ദേശമല്ല നൽകുന്നത്. ഇത് ജനതാൽപ്പര്യത്തിന് എതിരാണ്.
സംഘ്പരിവാറിനെ പരാജയപ്പെടുത്തി ഇന്ത്യയിലെ ജനാധിപത്യവും മതനിരപേക്ഷതയും വീണ്ടെടുക്കാനുള്ള നിർണായകമായ ഒരു തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ ഇത്തരം പോര് ജനാധിപത്യ മുന്നേറ്റത്തെ ദുർബലപ്പെടുത്തുകയേ ഉള്ളൂ. അത് തിരിച്ചറിഞ്ഞ് വടകരയുടെ സാമൂഹിക അന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാൻ എൽഡിഎഫും യുഡിഎഫും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊയിലാണ്ടി ഈസ്റ്റ് റോഡിൽ വെൽഫെയർ പാർട്ടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസും പ്രവർത്തകൺവെൻഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സി. ഹബീബ് മസ്ഊദ് അധ്യക്ഷത വഹിച്ചു.
Adjust Story Font
16