Quantcast

എൻസിപിയിൽ കടുത്ത ഭിന്നത; നിലപാട് അംഗീകരിച്ചില്ലെങ്കിൽ മന്ത്രിസ്ഥാനം വേണ്ടെന്ന് പി.സി ചാക്കോ

ഉള്ള മന്ത്രിസ്ഥാനം കളയേണ്ടതില്ലെന്നാണ് ജില്ലാ പ്രസിഡന്റുമാർ സ്വീകരിച്ച നിലപാട്.

MediaOne Logo

Web Desk

  • Updated:

    2024-10-26 18:15:17.0

Published:

26 Oct 2024 6:13 PM GMT

High Clash In NCP Kerala Over Minister Post Sharing
X

തിരുവനന്തപുരം: മന്ത്രി സ്ഥാനം പങ്കുവയ്ക്കുന്നതിനെ ചൊല്ലി എൻസിപിയിൽ ഭിന്നത രൂക്ഷം. എ.കെ ശശീന്ദ്രനെ മാറ്റണമെന്നും പാർട്ടി നിലപാട് മുഖ്യമന്ത്രി അംഗീകരിച്ചില്ലെങ്കിൽ നിലവിലെ മന്ത്രിസ്ഥാനം ഒഴിവാക്കണമെന്നാണ് പി.സി ചാക്കോയുടെ നിലപാട്. രണ്ട് എംഎൽഎമാരിൽ ഒരാൾ മന്ത്രിയായി പാർട്ടിക്ക് വേണമെന്ന് ജില്ലാ പ്രസിഡൻ്റുമാർ ആവശ്യപ്പെട്ടു. പാർട്ടി നിലപാട് മുഖ്യമന്ത്രി അംഗീകരിച്ചില്ലെന്നാണ് തോമസ് കെ തോമസ് വിഭാഗത്തിന്റെ വിമർശനം. ഇന്നു ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലായിരുന്നു ഭിന്നാഭിപ്രായങ്ങൾ.

രണ്ടര വർഷത്തിനു ശേഷം മന്ത്രിസ്ഥാനം ഒഴിഞ്ഞ് തന്നെ മന്ത്രിയാക്കാം എന്ന ധാരണയുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടി തോമസ് കെ. തോമസ് രം​ഗത്തെത്തിയതോടെയാണ് പാർട്ടിയിൽ തർക്കം രൂപപ്പെട്ടത്. എന്നാൽ അങ്ങനൊരു ധാരണ ഉണ്ടായിരുന്നില്ലെന്നായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാട്. ഇത് വലിയ തർക്കങ്ങളിലേക്ക് പോവുകയും ദേശീയനേതൃത്വം ഇടപെടുകയും ചെയ്തിരുന്നു. തുടർന്നു ചേർന്ന ദേശീയനേതൃയോ​ഗത്തിൽ വിഷയം ചർച്ച ചെയ്യുകയും ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനുള്ള നിലപാട് സ്വീകരിക്കുകയും മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.

എന്നാൽ ഇടതുപക്ഷത്തെ എംഎൽഎമാരെ കൂറുമാറ്റി ബിജെപിയിലേക്ക് കൊണ്ടുപോവാൻ ശ്രമിച്ചയാളാണ് തോമസെന്നും അതിനാൽ മന്ത്രിയാക്കുന്നതിൽ സാങ്കേതിക പ്രശ്‌നമുണ്ടെന്നും കുറച്ചുകൂടി കാത്തിരിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്. ഇതോടെയാണ് എൻസിപിയിൽ വീണ്ടും ഭിന്നതയുണ്ടായത്. തുടർന്ന് ഇന്നു ചേർന്ന ഭാരവാഹികളുടെ യോഗത്തിലാണ്, പാർട്ടി നിലപാട് മുഖ്യമന്ത്രി അം​ഗീകരിച്ചില്ലെങ്കിൽ മന്ത്രിസ്ഥാനമേ വേണ്ടെന്ന നിലപാട് സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ സ്വീകരിച്ചത്.

എന്നാൽ, ഇതിനെ ജില്ലാ പ്രസിഡന്റുമാർ അംഗീകരിച്ചില്ല. ഉള്ള മന്ത്രിസ്ഥാനം കളയേണ്ടതില്ലെന്നാണ് ജില്ലാ പ്രസിഡന്റുമാർ സ്വീകരിച്ച നിലപാട്. ഇതോടെയാണ് വിമർശനവുമായി തോമസ് കെ. തോമസ് രം​ഗത്തെത്തിയത്. എന്നാൽ മന്ത്രിസ്ഥാനം കളഞ്ഞ് മറ്റേതെങ്കിലും നിലപാട് സ്വീകരിക്കുന്നത് എൻസിപിക്ക് തിരിച്ചടിയാവുമെന്ന് ജില്ലാ പ്രസിഡന്റുമാർ അറിയിച്ചു.

മന്ത്രിസ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രന് പി.സി ചാക്കോ അന്ത്യശാസനം നൽകുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജിവയ്ക്കണമെന്നും ദേശീയ അധ്യക്ഷന്റെ നിലപാട് അന്തിമമെന്നുമാണ് ചാക്കോ മുന്നറിയിപ്പ് നൽകിയത്. ശരദ് പവാറിന്റെ നിലപാട് അന്തിമമെന്ന് പറഞ്ഞ പി.സി ചാക്കോ പകരം മന്ത്രിസ്ഥാനം അനുവദിച്ചില്ലെങ്കിലും ശശീന്ദ്രൻ രാജിവയ്ക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്തായാലും ഉപതെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫിനെ തീരുമാനം അറിയിക്കാനാണ് എൻസിപി നീക്കം.

TAGS :

Next Story