ഇ.പി വധശ്രമം: കെ. സുധാകരൻ കുറ്റവിമുക്തൻ; കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി ഹൈക്കോടതി
സുധാകരന്റെ ഹരജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണു വിധിപറഞ്ഞത്
കൊച്ചി: സി.പി.എം നേതാവ് ഇ.പി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ. സുധാകരന് ഹൈക്കോടതിയിൽനിന്ന് ആശ്വാസവിധി. വധശ്രമക്കേസിൽ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സുധാകരൻ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കി.
സുധാകരന്റെ ഹരജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണു വിധിപറഞ്ഞത്. 1995 ഏപ്രിൽ 12ന് ചണ്ഡിഗഢിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയ്‍ക്കിടെ ആന്ധ്രാപ്രദേശിലാണ് ജയരാജനുനേരെ വെടിവയ്പ്പുണ്ടായത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രം ചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഇത് ചൂണ്ടിക്കാട്ടി തന്നെയും കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, അദ്ദേഹം ഗൂഢാലോചയില്‍ പങ്കാളിയായതിനു തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹരജി വിചാരണ കോടതി തള്ളുകയായിരുന്നു. തുടർന്നാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിപ്പട്ടികയിലുള്ളവർ കുറ്റവിമുക്തരായെങ്കിലും ഗൂഢാലോചനാ കേസിൽ സുധാകരനെതിരെ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതിനാൽ ഇതുപ്രകാരമുള്ള ശിക്ഷ സുധാകരനു നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
Summary: Kerala High Court acquitted K Sudhakaran in EP Jayarajan murder attempt case
Adjust Story Font
16