ആഴക്കടലിലെ ലഹരിവേട്ട; എൻ.സി.ബിക്ക് കോടതിയുടെ വിമർശനം
കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻ.സി.ബിയെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിമർശിച്ചത്.
കൊച്ചി: ആഴക്കടലിലെ ലഹരിക്കടത്ത് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ വിമർശനം. എവിടെ വച്ചാണ് പ്രതിയായ പാകിസ്താൻ പൗരനെ പിടികൂടിയതെന്ന കാര്യത്തിൽ വ്യക്തതയില്ലേയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി എൻ.സി.ബി പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ആഴക്കടൽ ലഹരി വേട്ടയിലെ വിശദമായ അന്വേഷണത്തിന് പ്രതിയായ പാക് പൗരൻ സുബൈർ ദേരഖ്ഷെൻദയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആവശ്യപ്പെട്ടത്. കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻ.സി.ബിയെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിമർശിച്ചത്.
ഇന്ന് കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഇത് വ്യക്തമല്ലെന്നും അതിനാൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ലഹരി പിടികൂടിയത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ വച്ചല്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. പിടിയിലായ പാക് പൗരൻ ഇറാനിലെ അഭയാർഥിയാണെന്നും പ്രതിഭാഗം കൂട്ടിച്ചേർത്തു. കേസ് നാളെ രാവിലെ 11ന് കോടതി വീണ്ടും പരിഗണിക്കും.
Adjust Story Font
16