താനൂർ ലഹരിക്കേസ് പ്രതിയ്ക്ക് ജയിലിൽ മർദനമേറ്റെന്ന് പരാതി; റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം
താമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മന്‍സൂറിന്റെ പിതാവ് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
കൊച്ചി: താനൂർ ലഹരിക്കേസിൽ താമിർ ജിഫ്രിക്ക് ഒപ്പമുണ്ടായിരുന്ന പ്രതി മൻസൂറിന് ജയിലിൽ മർദനമേറ്റ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജയിൽ ഡി.ജി.പിക്ക് ഹൈക്കോടതി നിർദ്ദേശം.മൂന്നാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകി. മൻസൂറിന്റെ പിതാവ് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് കേസ് കെട്ടിച്ചമച്ചുവെന്നും മർദനത്തിൽ പരാതി നൽകിയിട്ടും സ്വീകരിച്ചില്ലെന്നുമാണ് ഹരജിയിലെ ആരോപണം. സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
താമിര്‍ ജിഫ്രിയുടെ മരണം പൊലീസിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണെന്ന ആരോപണങ്ങൾ നിലനില്‍ക്കുമ്പോഴാണ് താമിറിനൊപ്പം അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മന്‍സൂറിനും ജയിലില്‍ വെച്ച് ക്രൂര മര്‍ദനമേറ്റെന്ന ആരോപണം കൂടി ഉയരുന്നത്. മകന്റെ ശരീരത്തില്‍ മുഴുവന്‍ പരിക്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിനു നല്‍കിയ പരാതി സ്വീകരിക്കാനോ അന്വേഷണം നടത്താനോ തയ്യാറായില്ലെന്നും ഹരജിയിൽ പറയുന്നു. കോടതി ഇക്കാര്യം അന്വേഷിക്കണമെന്നും മകനു ചികിത്സ ലഭ്യമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
Adjust Story Font
16