Quantcast

'പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേ?'; ഡോ.വന്ദനയുടെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

''ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂ''

MediaOne Logo

Web Desk

  • Updated:

    2023-05-10 09:54:44.0

Published:

10 May 2023 9:30 AM GMT

Didnt the police have a gun?; High Court strongly criticized the murder of Dr. Vandana
X

എറണാകുളം: ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിൽ സർക്കാറിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടിക്ക് വേണ്ടിയല്ലേ സുരക്ഷാ സംവിധാനങ്ങളെന്നും പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിങ്ങ് നടത്തിയിരുന്നു.

ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂ എന്നാണ് കോടതി പരാമർശിച്ചത്. ആർക്കെന്ത് പറ്റിയാലും അവിടെയുള്ള സ്ത്രീകൾക്ക് സംരക്ഷണം നൽകണമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയിൽ എവിടെയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. ഡോക്ടറുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്. കോടതിയിൽ സർക്കാർ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടു. കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ് നടന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തിൽ ഡി.ജി.പി അനിൽ കാന്ത് നാളെ തന്നെ വിശദീകരണം നൽകണമെന്നും ഓൺലൈൻ വഴി ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് താലൂക്ക് ആശുപത്രി സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും നിർദേശം നൽകി. നാളെ 10 മണിക്ക് കേസ് വീണ്ടും പരിഗണിക്കും.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സർജൻ ഡോ. വന്ദനാ ദാസാണ് (22)കൊല്ലപ്പെട്ടത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.


TAGS :

Next Story