യോഗ്യതയുണ്ടെന്ന് പ്രിയ വർഗീസ്; ഹരജി വീണ്ടും ഹൈക്കോടതിയിൽ
അധ്യാപന പരിചയം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റാങ്ക് ലിസ്റ്റ് പുനപരിശോധിക്കാൻ ഉത്തരവിട്ടതിനെതിരെയാണ് അപ്പീൽ
കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, സി.എസ്.സുധ എന്നിവരുടെ ബെഞ്ചാണ് അപ്പീലിൽ വാദം കേൾക്കുന്നത്.
യു.ജി.സി ചട്ടപ്രകാരം യോഗ്യതയുണ്ടെന്നും ഇത് സിംഗിൾ ബെഞ്ച് പരിശോധിച്ചില്ലെന്നുമാണ് അപ്പീലിലെ വാദം. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രഫസർ നിയമനത്തിന് വേണ്ട അധ്യാപന പരിചയം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റാങ്ക് ലിസ്റ്റ് പുനപരിശോധിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടതിനെതിരെയാണ് അപ്പീൽ. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പ്രിയക്കെതിരെ വിധി പറഞ്ഞത്.
പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ച നടപടി യു.ജി.സി മാനദണ്ഡപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രിയയുടെ സേവന കാലവും പ്രവൃത്തി പരിചയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നിരീക്ഷിച്ച കോടതി പിഎച്ച്ഡി കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ആവർത്തിച്ചു.
പ്രിയാ വർഗീസിന് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ നൽകിയ ഹരജിയിലാണ് വിധി. ഹരജിയിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. തുടർച്ചയായ രണ്ടുദിവസം വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
അധ്യാപകർ രാഷ്ട്ര നിർമാതാക്കളും വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകേണ്ടവരുമാണ്. വിദ്യാഭ്യാസം ജീവിതത്തിന്റെ അടിസ്ഥാനഘടകമാണ്. നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
Adjust Story Font
16